കോട്ടയം:അന്തരിച്ച മുന്‍ധനകാര്യമന്ത്രി കെ എം മാണിയുടെ ചരമദിനമായ ഇന്ന് കൊവിഡ് പ്രതിരോധത്തിന് സഹായവുമായി കുടുംബം. ഒന്നാം ചരമ വാര്‍ഷികത്തിന് സംസ്ഥാനത്തെ അഞ്ഞൂറ് കമ്യൂണിറ്റി കിച്ചണുകളിലേക്ക് സഹായം നല്‍കിയെന്ന് മകനും എംപിയുമായ ജോസ് കെ മാണി അറിയിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോയ നിര്‍ധനരായവര്‍ക്കും അതിഥി തൊഴിലാളികള്‍ക്കുമായി സര്‍ക്കാര്‍ കമ്യൂണിറ്റി കിച്ചണ്‍ സംവിധാനം ആരംഭിച്ചിരിന്നു. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. 

സംസ്ഥാനത്ത് ഇന്ന് പന്ത്രണ്ട് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് വൈറസ് ബാധ. 13 പേരുടെ റിസള്‍ട്ട് നെഗറ്റീവായി. ഇത് വരെ 357 പേര്‍ക്ക് രോഗം സ്ഥീരികരിക്കുകയും 258 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നുണ്ട്.

1,36,195 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. വീടുകളില്‍ 135472 പേരും ആശുപത്രികളില്‍ 723 പേരും നിരീക്ഷണത്തിലുണ്ട്. 153 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 11469 സാമ്പിളുകളില്‍ രോഗബാധയില്ലെന്ന് ഇന്ന് ഉറപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.