നേരത്തെ കാട്ടുപോത്തും പന്നിയും ആനയുമെല്ലാം എത്തിയ സ്ഥലമാണ്. പക്ഷേ കടുവയെത്തുന്നത് ആദ്യമായാണ്. കടുവ ഇറങ്ങിയതോടെ വലിയ ഭയത്തിലായിരുന്നു. കുട്ടികളെ പുറത്ത് വിട്ടിരുന്നില്ലെന്നും റിജോയും കുടുംബവും പറയുന്നു.
മാനന്തവാടി : പിലാക്കാവ്- പഞ്ചാര കൊല്ലി റോഡിലെ പണ്ട്യത്തും പറമ്പിൽ റിജോയുടെ വീടിനോട് ചേർന്നാണ് നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. വീടിന് 3 മീറ്റർ അകലെ നിന്നും കടുവയെ കിട്ടിയതിന്റെ അമ്പരപ്പ് ഇപ്പോഴും കുടുംബത്തിന് മാറിയിട്ടില്ല. വനംവകുപ്പ്ഉദ്യോഗസ്ഥർ രാവിലെ വന്നപ്പോഴാണ് കടുവ വീടിന് സമീപത്ത് ചത്തുകിടക്കുന്ന വിവരമറിയുന്നതെന്ന് റിജോയും കുടുംബവും പറയുന്നു.
''രാവിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി. കടുവ സമീപത്തുണ്ടെന്ന് അറിയിച്ചു. വിവരം തൽക്കാലം ആരോടും പറയരുതെന്ന് ആവശ്യപ്പെട്ടു. അവരോട് സഹകരിച്ചു. നേരത്തെ കാട്ടുപോത്തും പന്നിയും ആനയുമെല്ലാം എത്തിയിരുന്ന സ്ഥലമാണ്. പക്ഷേ കടുവയെത്തുന്നത് ആദ്യമായാണ്. കടുവ ഇറങ്ങിയതോടെ വലിയ ഭയത്തിലായിരുന്നു. കുട്ടികളെ പുറത്ത് വിട്ടിരുന്നില്ലെന്നും റിജോയും കുടുംബവും പറയുന്നു. കുട്ടികൾ ഓടിക്കളിക്കുന്ന സ്ഥലത്ത് കടുവയെ കണ്ടതാണ് കൂടുതൽ ഞെട്ടലുണ്ടാക്കുന്നതെന്നും കുടുംബം പറയുന്നു. റിജോയുടെ വീട് കാടിന്റെ അതിർത്തിയിലാണ്. വീട്ടിൽ നിന്നും മീറ്ററുകൾ മാത്രം ദൂരമേ കാട്ടിലേക്കുളളു.
ഇന്നലെ രാത്രി 12.30 തോടെയാണ് മാനന്തവാടിയെ മുൾമുനയിൽ നിർത്തിയ നരഭോജി കടുവയെ വനപാലകർ കണ്ടത്. കാൽപ്പാദം പിന്തുടർന്നു. 2 മണിക്കൂറിന് ശേഷം 2.30 തോടെ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്നാണ് വനംവകുപ്പ് നൽകുന്ന വിവരം. കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുളളു.
വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി, കഴുത്തിൽ ആഴത്തിൽ മുറിവുകൾ
മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്.


