പാലക്കാട്: എആര്‍ ക്യാംപിലെ ആദിവാസി പൊലീസുദ്യോഗസ്ഥന്‍ കുമാറിന്‍റെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണത്തില്‍ തങ്ങള്‍ തൃപ്തരല്ലെന്നും ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും കുമാറിന്‍റെ ഭാര്യ സജിനി പറഞ്ഞു.

കുമാറിന്‍റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയെ കാണാനെത്തിയപ്പോള്‍ ആണ് സജിനി പൊലീസ് അന്വേഷണത്തിലെ അതൃപ്തി തുറന്നു പറഞ്ഞത്.

പരാതിയില്‍ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പാലാക്കാട് ജില്ലാ പൊലീസ് മേധാവി കുമാറിന്‍റെ കുടുംബത്തിന് ഉറപ്പു നല്‍കി. അതേസമയം കുമാറിന്‍റെ മരണം സംബന്ധിച്ച അന്വേഷണം ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പിക്ക് വിടാന്‍ തൃശ്ശൂര്‍ റേഞ്ച് ഡിഐജി നിര്‍ദേശിച്ചു. നിലവില്‍ ഒറ്റപ്പാലം സിഐയാണ് കേസ് അന്വേഷിക്കുന്നത്. 

സ്പെഷ്യല്‍ ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടിയെടുക്കും എന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു. ആത്മഹത്യക്കുറിപ്പ് ഉള്‍പ്പടെയുള്ളവ പരിശോധിച്ച് ഉടന്‍ തന്നെ തൃശ്ശൂര്‍ റേഞ്ച് ഡിഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.