ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്.

പാലക്കാട്: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാലക്കാട് നെന്മാറയിൽ കർഷകൻ ആത്മഹത്യ ചെയ്തു. നെന്മാറ ഇടിയംപൊറ്റ സ്വദേശി സോമനാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയത്. നെൽകർഷകനായ സോമന്‍ വിവിധ ബാങ്കുകളിലായി ലക്ഷങ്ങളുടെ വായ്പാ കുടിശ്ശികയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

കൃഷി നശിച്ചുവെന്നും വായ്പ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്തും നെൽ കൃഷിയായിരുന്നു ചെയ്ത് വരുതയായിരുന്നു സോമന്‍. നാലേക്കര്‍ നെൽകൃഷി, ഇതിൽ ഒരേക്കര്‍ സ്വന്തം ഭൂമി, മൂന്നേക്കര്‍ പാട്ടത്തിനെടുത്തും ആയിരുന്നു സോമന്‍ കൃഷി ചെയ്തത്. വര്‍ഷങ്ങളായി നെൽകൃഷി ചെയ്ത് ജീവിക്കുന്നതിനിടെയാണ് തുടര്‍ച്ചയായി കൃഷി നാശമുണ്ടായത്. കടം വാങ്ങിയും ബാങ്ക് വായ്പയെടുത്തും കൃഷിയിറക്കി. പക്ഷെ തുടര്‍ച്ചയായി മഴ പെയ്തതോടെ ഇത്തവണയിറക്കിയ കൃഷിയും നശിച്ചു. നേരത്തെ സംഭരിച്ച നെല്ലിൻ്റെ പണം കിട്ടാത്തതും പ്രതിസന്ധിയിലാക്കിയെന്ന് ബന്ധുക്കളും പറയുന്നു.

പുലടര്‍ച്ചെയാണ് വീട്ടിനോട് ചേര്‍ന്ന പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ സോമനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബന്ധുക്കൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നെന്മാറ പൊലീസ് കേസെടുത്തു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്