പുതിയ നെല്ല് സംഭരണ പദ്ധതിയില്‍ ആശങ്ക; വര്‍ഷങ്ങള്‍ക്ക് മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതിയെന്ന് കര്‍ഷകര്‍
പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ഭൂരിഭാഗം സംഘങ്ങള്‍ക്കും നെല്ല് സംഭരിക്കാനുള്ള ഗോഡൗണ്ടില്ല. പണം മുടക്കി നെല്ല് സംഭരിക്കാനുള്ള സാമ്പത്തിക ശേഷിയുമില്ല.

പാലക്കാട്: നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏൽപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ആശങ്കയെന്ന് പാലക്കാട്ടെയും കുട്ടനാട്ടെയും കർഷകർ. വർഷങ്ങൾക്ക് മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട പദ്ധതി വീണ്ടും കൊണ്ടുവരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം. പ്രയോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെന്നും കര്‍ഷകര്‍ പറയുന്നു. ഭൂരിഭാഗം സംഘങ്ങള്‍ക്കും നെല്ല് സംഭരിക്കാനുള്ള ഗോഡൗണ്ടില്ല. പണം മുടക്കി നെല്ല് സംഭരിക്കാനുള്ള സാമ്പത്തിക ശേഷിയുമില്ല.
സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് മില്ലിൽ കൊണ്ടുപോയി അരിയാക്കി സപ്ലൈക്കോയ്ക്ക് നൽകണം. നെല്ലിൻ്റെ വില ഉടൻ തന്നെ സംഘങ്ങൾ കർഷകർക്ക് നൽകണം. സർക്കാരിൻ്റെ ഈ തീരുമാനം നടപ്പാക്കുമ്പോൾ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്. ഭൂരിഭാഗം സഹകരണ സംഘങ്ങൾക്കും നെല്ല് സംഭരിക്കാനുള്ള ഗോഡൗണില്ല. വളം സംഭരിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. പല സംഘങ്ങൾക്കും കോടികൾ മുടക്കി നെല്ല് സംഭരിക്കാനുള്ള സാമ്പത്തിക ശേഷിയുമില്ലെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഉള്ള പണം എടുത്ത് നെല്ലിന് കൊടുത്താൽ നിക്ഷേപകർ പണം ആവശ്യപ്പെട്ടാലും മറ്റ് കാര്യങ്ങൾക്കും ബുദ്ധിമുട്ടാകും.
സുതാര്യമായി നെല്ല് സംഭരണം നടക്കുമോയെന്ന ആശങ്കയുമുണ്ട്. നെല്ല് സംഭരിക്കാതെ, കണക്കിൽ കൃത്രിമം കാട്ടി പണം തട്ടിയ കേസുകൾ മുമ്പ് ഉണ്ടായിട്ടുണ്ട്. സൊസൈറ്റികളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ സ്ഥാപിത താൽപ്പര്യങ്ങളും പ്രശ്നങ്ങൾക്കിടയാക്കുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.