സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക മന്ത്രിസഭായോഗം ചേരുകയാണ്. നാളെ മുഖ്യമന്ത്രി ബാങ്ക് പ്രതിനിധികളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോര്‍ട്ടര്‍ ഇംപാക്ട്..
തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ തുടരുന്ന സാഹചര്യം പ്രത്യേക മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. കാര്‍ഷിക വായ്പകള്‍ക്ക് പുറമെ കര്‍ഷകരെടുത്ത എല്ലാതരം വായ്പകള്‍ക്കും മൊറട്ടോറിയം ബാധകമാക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കുന്നുണ്ട്. അതേസമയം, കര്‍ഷകരുടെ അഞ്ച് ലക്ഷം രൂപ വരെയുളള വായ്പകള്‍ എഴുതിത്തളളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ ഇടുക്കിയില്‍ ഉപവാസ സമരം നടത്തും.
പ്രളയത്തില്‍ തകര്‍ന്ന സംസ്ഥാനത്തെ കാര്‍ഷിക മേഖലകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ്. മൊറട്ടോറിയം നിലനില്‍ക്കെ വായ്പാ തിരിച്ചടവിന് ബാങ്കുകള്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നവരുടെ എണ്ണം പെരുകി. പ്രളയ ശേഷം ഇടുക്കിയില്‍ മാത്രം ആറ് കര്‍ഷകര്‍ ജീവനൊടുക്കിയതായാണ് കണക്ക്. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി സഹകരണ ബാങ്കുകള്‍ തന്നെ ജപ്തി നടപടികളുമായി കര്‍ഷകരെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രശ്നം ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോര്‍ട്ടറിലൂടെ പുറത്തെത്തിക്കുക കൂടി ചെയ്തതോടെ സര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി.
പ്രളയ ശേഷം സംസ്ഥാന ബാങ്കേഴ്സ് സമിതി പ്രഖ്യാപിച്ച മൊറട്ടോറിയം പ്രഹസനമായിരുന്നു. ആശ്വാസം പ്രളയമേഖലകളിലെ കാര്‍ഷിക വായ്പകളിലും ബിസിനസ് വായ്പകളിലും മാത്രമായി ചുരുങ്ങി. കര്‍ഷകരെടുത്ത കാര്‍ഷികേതര വായ്പകളില്‍ ജപ്തി നടപടികള്‍ തുടങ്ങിയതോടെയാണ് പലര്‍ക്കും നില്‍ക്കക്കളളിയില്ലാതെയായത്. ഈ സാഹചര്യത്തില്‍ കര്‍ഷകരെടുത്ത എല്ലാതരം വായ്പകളിലും ആശ്വാസം നല്‍കണമെന്നാണ് കൃഷി വകുപ്പ് നിര്‍ദ്ദേശം. നിലവിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ജില്ലാ കളക്ടമാരോട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കൂടാതെ സംസ്ഥാന ബാങ്കേഴ്സ് സമിതിയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നാളെ മുഖ്യമന്ത്രി ബാങ്കേഴ്സ് സമിതിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും ഏത് വിധത്തിലുളള ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന് തീരുമാനിക്കുക.
അതേസമയം, വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാളെ രാവിലെ പത്ത് മുതല്‍ അഞ്ച് മണി വരെ ഇടുക്കി കളക്ടറേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തും. ഈ മാസം 11ന് കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് നടയില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Read More: കാര്‍ഷിക കടം സര്‍ക്കാര്‍ എഴുതി തള്ളണം; മുഖ്യമന്ത്രി ഇടുക്കി സന്ദര്‍ശിക്കണമെന്ന് കോൺഗ്രസ്
