Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരം: ഇനി ഉപവാസം , ലത്തീൻ ആർച്ച് ബിഷപ്പിന്‍റെ നേതൃത്വത്തിൽ 6പേർ ആദ്യഘട്ട സമരത്തിൽ

കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21ാം ദിനമായ ഇന്ന് സമരത്തിന് എത്തുക

fasting strike from today against vizhinjam port
Author
First Published Sep 5, 2022, 5:33 AM IST

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ ഉപവാസ സമരം . ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേരാണ് ഉപവാസമിരിക്കുന്നത്. പാളയം ഇമാം വി.പി സുഹൈബ് മൗലവി ഉപവാസസമരം ഉദ്ഘാടനം ചെയ്യും. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരവേദിയിലെത്തും.

കൊല്ലങ്കോട്, പരുത്തിയൂർ ഇടവകകളിലെ വിശ്വാസികളാണ് ഉപരോധ സമരത്തിന്റെ 21ാം ദിനമായ ഇന്ന് സമരത്തിന് എത്തുക.
അടുത്ത ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസമിരിക്കും. തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള
ഏഴ് ആവശ്യങ്ങളിലും പരിഹാരമാകും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ലത്തീൻ അതിരൂപതയുടെ നിലപാട്.

വിഴിഞ്ഞത്തിൽ ആദ്യ ഇടപെടൽ , വീട് നഷ്ടപ്പെട്ട് ക്യാംപിൽ കഴിയുന്നവർക്കുള്ള ധനസഹായം വിതരണം തുടങ്ങുന്നു, പങ്കെടുക്കില്ലെന്ന് അതിരൂപത

അതിനിടെ കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിലെ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങൾക്കുള്ള ആദ്യ ഘട്ട ധനസഹായ വിതരണം ഇന്ന് തുടങ്ങും.102 കുടുംബങ്ങൾക്ക് 5500 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്യുന്നത്. വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രിയാണ് ധനസഹായ വിതരണം ഉദ്ഘാടനം ചെയ്യുക.വിഴിഞ്ഞം സമരത്തെ തുടർന്ന് നടന്ന മന്ത്രിതല ചർച്ചയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഹായവിതരണം.

ഓണത്തിന് മുമ്പ് ക്യാന്പുകളിൽ കഴിയുന്നവരെ വാടകവീടുകളിലേക്ക് മാറ്റിപാർപ്പിക്കും എന്നായിരുന്നു ചർച്ചയിലെ തീരുമാനം.
എന്നാൽ നിസ്സാര ധനസഹായം നൽകി മത്സ്യതൊഴിലാളികളെ പറ്റിക്കാനാണ് ശ്രമമെന്നാണ് ലത്തീൻ അതിരൂപതയുടെ വാദം. ധനസഹായ വിതരണ ചടങ്ങിൽ പങ്കെടുക്കില്ലെന്നും ലത്തീൻ അതിരൂപത അറിയിച്ചിട്ടുണ്ട്. തീരശോഷണവും കടലാക്രമണവും മൂലം വീട് നഷ്ടപ്പെട്ട 284 കുടുംബങ്ങൾ തിരുവനന്തപുരത്ത് ഉണ്ടെന്നാണ് സ‍ർക്കാരിന്റെ കണക്ക്

വിഴിഞ്ഞം സമരം സംസ്ഥാനാമൊട്ടാകെവ്യാപിപ്പിക്കാൻ കേരള റീജ്യണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ തീരുമാനിച്ചിട്ടുണ്ട് . മൂലമ്പിള്ളി ടു വിഴിഞ്ഞം എന്ന പേരിൽ മാർച്ച് സംഘടിപ്പിക്കും.ജനപ്രതിനിധികളുമായി സംവാദ പരിപാടികൾ നടത്താനും തയ്യാറെന്ന് അവര്‍ അറിയിച്ചു

വിഴിഞ്ഞം:'ബിഷപ്പുമാരേയും അല്‍മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല, മുഖ്യമന്ത്രി ഇടപെടണം '

വിഴിഞ്ഞം സമരം അവസാനിപ്പിക്കാന്‍  മുഖ്യമന്ത്രി ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്‍റെ കത്ത്.ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും മുന്‍ ആര്‍ച്ച് ബിഷപ്പിനെയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കാന്‍ സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

കത്തിന്‍റെ  പൂര്‍ണരൂപം

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍  സമരം തുടങ്ങിയിട്ട് മൂന്നാഴ്ചയായി. തിങ്കളാഴ്ച  മുതല്‍ മുല്ലൂരിലെ സമര കവാടത്തില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് ജെ . നെറ്റോയുടേയും മുന്‍ ആര്‍ച്ച് ബിഷപ്പ്  സൂസെപാക്യത്തിന്റേയും നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിക്കുകയാണ്. ബിഷപ്പുമാരേയും അല്‍മായരേയും ഉപവാസ സമരത്തിലേക്ക് തള്ളിവിടുന്നത് ഉചിതമല്ല. സമരം ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഏഴ് ആവശ്യങ്ങള്‍ ഉന്നയിച്ച് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഒത്തു തീര്‍പ്പാക്കാന്‍ മന്ത്രി തല സമിതി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. മന്ത്രിതല സമിതിയുടെ ചര്‍ച്ചകള്‍ കൊണ്ട് പ്രശ്‌നപരിഹാരം ഉണ്ടാകുമെന്ന് കരുതാനാകില്ല. ഈ സാഹചര്യത്തില്‍ സമര നേതൃത്വവുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തുകയാണ് അഭികാമ്യം. വിഴിഞ്ഞം സമരം ശാശ്വതമായി പരിഹരിക്കുന്നതിന് സമര നേതൃത്വവുമായി എത്രയും വേഗം മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്നും അഭ്യര്‍ഥിക്കുന്നു.

'അധികാരികള്‍ അദാനി ഗ്രൂപ്പിന് കൂട്ടുനില്‍ക്കുന്നു, സമരം തുടരും'; ലത്തീന്‍ അതിരൂപത പള്ളികളില്‍ സര്‍ക്കുലര്‍

വിഴിഞ്ഞം തുറമുഖത്തിനെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ ഞായറാഴ്ച വീണ്ടും സർക്കുലർ വായിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് സർക്കുലറിലെ ആവശ്യം. വിഴിഞ്ഞം തുറമുഖ നിർമാണം മൂലമുള്ള തീരശോഷണത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കുലറില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് എതിരായ കോടതി ഉത്തരവ് നേടിയെടുക്കാൻ അധികാരികൾ അദാനി ഗ്രൂപ്പിന് കൂട്ടുനിന്നെന്നാണ് വിമര്‍ശനം.

ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കും വരെ സമരം തുടരണം എന്നാണ് ആർച്ച് ബിഷപ്പ്  ഡോ.തോമസ് ജെ നെറ്റോയുടെ സർക്കുലർ. തീരശോഷണത്തില്‍ വീട് നഷ്ടപെട്ടവരെ വാടക നൽകി മാറ്റി പാർപ്പിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. മതിയായ നഷ്ടപരിഹാരം നൽകി ഇവരെ പുനരധിവസിപ്പിക്കണം, മണ്ണെണ്ണ വില വർധന പിന്‍വലിപ്പിക്കാൻ കേന്ദ്ര സർക്കാരിൽ ഇടപെടണം, തമിഴ്നാട് മാതൃകയിൽ മണ്ണെണ്ണ നൽകുക, കാലാവസ്ഥാ മുന്നറിയിപ്പുകൾ മൂലം കടലിൽ പോകാനാകാത്ത ദിവസങ്ങളിൽ മിനിമം വേതനം നൽകുക, മുതലപൊഴി ഹാർബറിന്‍റെ അശാസ്ത്രീയ നിർമാണം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയാണ് സര്‍ക്കുലറിലെ ആവശ്യങ്ങള്‍. ന്യായമായ ആവശ്യങ്ങൾ നേടി എടുക്കും വരെ സമരം തുടരുമെന്ന് വ്യക്തമാക്കിയ സര്‍ക്കുലറില്‍ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽ നിന്ന് കൃത്യമായി മറുപടി കിട്ടിയിട്ടില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.

Read More: '7 ആവശ്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നു, വിഴിഞ്ഞം സമരം ശക്തമാക്കും', ലത്തീന്‍ അതിരൂപതാ യോഗത്തില്‍ തീരുമാനം

Follow Us:
Download App:
  • android
  • ios