മലപ്പുറം: തന്റെ നാല് പെൺമക്കളെ പീഡിപ്പിച്ച കേസിൽ പിതാവിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലാണ് സംഭവം. പത്തും പതിമൂന്നും പതിനഞ്ചും പതിനേഴും വയസ് പ്രായമുള്ള പെൺകുട്ടികളാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സ്കൂൾ അധികൃതരോട് പെൺകുട്ടികൾ അച്ഛന്റെ ഭാഗത്ത് നിന്നുള്ള പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിക്ക് 47 വയസ് പ്രായമുണ്ട്. പത്ത് വയസുകാരി പെൺകുട്ടി ഇന്നലെ അധ്യാപികയോട് പീഡനകാര്യം പറഞ്ഞിരുന്നു. അധ്യാപിക ഇക്കാര്യം ചൈൽഡ് ലൈനിനെ അറിയിച്ചു. തന്നെയും സഹോദരിമാരെയും പിതാവ് നിരന്തരം പീഡിപ്പിക്കുന്നുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ മറ്റ് മൂന്ന് പെൺകുട്ടികളെ കൂടി വിളിച്ചുവരുത്തി ഇതേക്കുറിച്ച് ചോദിച്ചു. പെൺകുട്ടികൾ പരാതി ശരിവച്ചതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. നിത്യമദ്യപാനിയാണ് പിടിയിലായ പ്രതിയെന്നാണ് വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ വീട്ടിൽ പ്രതിയുടെ ,സുഹൃത്തുക്കൾ വന്നുപോകാറുണ്ടായിരുന്നു. ഇവരാരെങ്കിലും പെൺകുട്ടികളെ ഉപദ്രവിച്ചിട്ടുണ്ടോ എന്ന് കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.