ശബരിമല സ്വർണക്കൊള്ള കേസിൽ ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഡി മണിക്ക് പങ്കുള്ളതിന് തെളിവില്ലെന്ന് എസ്ഐടി. പ്രവാസി വ്യവസായി നൽകിയ മൊഴിയിൽ നടത്തിയ അന്വേഷണത്തിൽ മണിക്കുള്ള ബന്ധം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ എസ്ഐടിയിൽ സംശയമുണ്ടെന്നാണ് ഡി മണി ബന്ധം ആദ്യമായി പറഞ്ഞ രമേശ് ചെന്നിത്തലയുടെ നിലപാട്. അതേ സമയം, എസ്ഐടിക്ക് മണി നന്ദി പറഞ്ഞു.
സ്വർണ്ണക്കൊള്ളക്ക് അന്താരാഷ്ട്ര കവർച്ചയുടെ മാനം നൽകിയത് ഡി മണിയെന്ന കഥാപാത്രമാണ്. പ്രവാസി വ്യവസായി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി മണി ബന്ധം പുറത്ത് പറയുന്നത് രമേശ് ചെന്നിത്തലയാണ്. പ്രവാസിയുടെയും ചെന്നിത്തലയുടെയും മൊഴി എടുത്ത് അന്വേഷണം തുടങ്ങി എസ്ഐടി. ഡിണ്ടിഗലിൽ വൻ സാമ്രാജ്യം പടുത്തുയർത്തിയ മണിയാണ് ഡി മണിയെന്ന് കണ്ടെത്തിയതോടെ ആകാംക്ഷയേറി. സ്വന്തം പേരിൽ ഫോണില്ലാത്ത മണിക്കുള്ളത് വലിയ ബന്ധം. ഡി മണിയെന്ന ബാലസുബ്രമണ്യം ഉപയോഗിക്കുന്ന മൂന്നു ഫോണ്‍ നമ്പറുകളും പ്രദേശവാസികളായ മറ്റുചിലരുടെ പേരിലെടുത്തത്.
മണിയുടെ സഹായിയെന്ന് പ്രവാസി മൊഴി നൽകിയ വിരുതനഗർ സ്വദേശി ശ്രീകൃഷ്ണനെയും സിംകാർഡ് എടുത്തു നൽകിയ ബാലമുരുകനെയുമെല്ലാം എസ്ഐടി ചോദ്യം ചെയ്തു. ശ്രീകൃഷ്ണൻ ഇറിഡിയം തട്ടിപ്പിൽ പ്രതിയെന്നൊഴിച്ചാൽ മറ്റ് രണ്ടുപേർക്കും ശബരിമല സ്വർണ തട്ടിപ്പിലോ മറ്റെതെങ്കിലും വിഗ്രഹ കച്ചവടത്തിലോ പങ്കുള്ളതായി തെളിയിക്കാൻ നിലവില്‍ പുറത്തുവന്ന കാര്യങ്ങള്‍ പ്രകാരം കഴിഞ്ഞിട്ടില്ലെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. മണി തലസ്ഥാനത്ത് രണ്ടു പ്രാവശ്യം വന്നിട്ടുള്ളത് വ്യക്തിപരമായ കാര്യത്തിനാണെന്നും എസ്ഐടി കണ്ടെത്തി.
ചാക്കിൽ പൊതിഞ്ഞ നിലയിൽ വിഗ്രഹങ്ങള്‍ കണ്ടുവെന്നും ഒരു വാഹനം നിറയെ പണവുമായി സംഘം എത്തിയെന്നുമുള്ള പ്രവാസിയുടെ മൊഴിയിൽ ചില സംശയങ്ങള്‍ ഇനിയും ബാക്കിയാണ്, വിദേശത്തുള്ള പ്രവാസിയിൽ നിന്നും വീണ്ടും മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ രഹസ്യമൊഴി നൽകാൻ പ്രവാസി തയ്യാറാണെന്ന് പറഞ്ഞ് രമേശ് ചെന്നിത്തല എസ്ഐടിയെ വെല്ലുവിളിച്ചു. എസ്ഐടിയുടെ കണ്ടെത്തലിനോട് നന്ദി പറയുകയാണ് എം.എസ്.മണി
എന്നാൽ ഡി. മണിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൂർണമായും അടച്ചില്ല എസ്ഐടി. കൂടുതൽ വിവരങ്ങള്‍ കിട്ടുന്ന മുറയ്ക്ക് വീണ്ടും റിപ്പോർട്ട് നൽകും. ശബരിമല സ്വർണ കേസിൽ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ എസ്ഐടി ചോദ്യം ചെയ്തു. ഇന്നും നാളെയും ചോദ്യം ചെയ്യിലിന് ഹാജരാകണമെന്നായിരുന്നു മുൻ കൂർ ജാമ്യം അനുവദിച്ചിട്ടുണ്ട് സുപ്രീം കോടതി നിർദ്ദേശം നൽകിയത്.



