തൃശ്ശൂർ വിജിലൻസ് യൂണിറ്റാണ് കേസെടുത്ത് തുടരന്വേഷണത്തിന് അനുമതി തേടിയത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രനായ ഇ. യു ജാഫറിന് 50 ലക്ഷം രൂപ സി പി എം വാഗ്ദാനം ചെയ്തുവെന്നാണ് പരാതി.

തൃശ്ശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തിൽ തുടരന്വേഷണത്തിന് വിജിലൻസ് അനുമതി തേടി. വിജിലൻസ് ഡയറക്ടറാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. തുടരന്വേഷണം വേണമെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം വിജിലൻസ് നൽകിയ റിപ്പോർട്ട്. തൃശ്ശൂർ വിജിലൻസ് യൂണിറ്റാണ് കേസെടുത്ത് തുടരന്വേഷണത്തിന് അനുമതി തേടിയത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രനായ ഇ. യു ജാഫറിന് 50 ലക്ഷം രൂപ സി പി എം വാഗ്ദാനം ചെയ്തുവെന്നാണ് പരാതി. മുൻ എം എൽ എ അനിൽ അക്കരെയാണ് പരാതിക്കാരൻ. ലീഗ് സ്വതന്ത്രന്റെ ഓഡിയോ നേരത്തെ പുറത്തുവന്നിരുന്നു.

തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സി പി എം 50 ലക്ഷം വാഗ്ദാനം ചെയ്തുവെന്ന ലീഗ് സ്വതന്ത്രൻ ജാഫറിന്റെ ശബ്ദരേഖ നേരത്തെ പുറത്തുവന്നിരുന്നു. 50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ യു ജാഫർ പറയുന്നതാണ് ശബ്ദരേഖ. "ലൈഫ് സെറ്റിലാക്കാൻ ഓപ്ഷൻ കിടക്കുന്നു. രണ്ട് ഓപ്ഷനാണുള്ളത്. അമ്പത് ലക്ഷമാണ് ഓഫർ കിടക്കുന്നത്. ഒന്നും രണ്ടും രൂപയല്ല. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. രണ്ടിലൊന്ന് തെരഞ്ഞെടുക്കാം. നിങ്ങടെ കൂടെ നിന്നാൽ നറുക്കെടുത്താലെ കിട്ടുകയുള്ളൂ. ഇതാവുമ്പം ഒന്നും അറിയണ്ട, നമ്മളവിടെ പോയി കസേരയിൽ കയറി ഇരുന്നാൽ മതിയെന്ന് ജാഫർ പറയുന്നതിന്‍റെ ശബ്ദരേഖയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ജാഫറിന്റെ പിന്തുണയിൽ പ്രസിഡന്‍റ് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങൾ സി പി എം നേടി. കൂറ്മാറി വോട്ട് ചെയ്തതിന് പിന്നാലെ ജാഫർ രാജിവെക്കുകയും ചെയ്തിരുന്നു.