തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിയെ പോക്സോ കേസിൽ കുരുക്കിയെന്ന ആരോപണം ശക്തമാകുന്നതിനിടെ മറുപടിയുമായി  മുന്‍ ഭർത്താവ്. 
മകനെ ഉപയോഗിച്ച് കള്ള പരാതി നൽകിയിട്ടില്ലെന്നാണ് അച്ഛന്‍ പറയുന്നത്. ഒരു കുട്ടിയിലും കാണാൻ ആഗ്രഹിക്കാത്ത വൈകൃതങ്ങൾ മകനിൽ കണ്ടു. പൊലീസില്‍ വിവരം അറിയിച്ചത് ഇതേതുടര്‍ന്നാണ്. മകന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. രണ്ടാമത് വിവാഹം കഴിച്ചത് ഭാര്യ ഉപേക്ഷിച്ച് പോയതിന് ശേഷമാണ്. മൂന്ന് മക്കളെയും സംരക്ഷിക്കുന്നത് താനാണ്. ഒരു മകൻ സ്വന്തം ഇഷ്ട പ്രകാരം മുൻ ഭാര്യക്കൊപ്പം നിന്നതാണെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.

അതേസമയം പീഡിപ്പിച്ചെന്ന അനിയന്‍റെ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി മൂത്ത സഹോദരന്‍ പറഞ്ഞു. ഐജിയുടെ അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ്. സത്യം പുറത്തുവരണമെന്നും മകന്‍ പറഞ്ഞു. യുവതിയെ മുന്‍ ഭർത്താവ് പോക്സോ കേസിൽ കുരുക്കിയതാണെന്ന ആക്ഷേപത്തിൽ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം നടത്തും. പരാതി വ്യാജമാണെന്ന് യുവതിയുടെ ഇളയ മകൻ ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കേസിൽ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്ന് വനിത കമ്മീഷൻ ഉൾപ്പടെ ആക്ഷേപം ഉന്നയിച്ചിരുന്നു. കേസിൽ പൊലീസ് അനാവശ്യ തിടുക്കം കാണിച്ചുവെന്നായിരുന്നു ആക്ഷേപം. പൊലീസിനെതിരെ സിഡബ്ല്യുസിയും രംഗത്തെത്തിയിരുന്നു.