തിരുവനന്തപുരം: തിരുവല്ലത്ത് പിഞ്ചു കുഞ്ഞിനെ സ്വന്തം പിതാവ് പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഇന്നലെ പ്രതി ഉണ്ണികൃഷ്ണനെ ബൈക്കുമായി സംശയസാഹചര്യത്തിൽ കണ്ടിരുന്നുവെന്ന് നാട്ടുകാരൻ പറയുന്നു. 

"ആളില്ലാത്ത നിലയിൽ ഒരു ബൈക്ക് ആറ്റിന്റെ ഭാഗത്ത് കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. ആ സമയത്താണ് ഒരാൾ ആറ്റിന്റെ ഭാഗത്ത് നിന്നും കയറി വരുന്നത് കണ്ടത്. തിരക്കിയപ്പോൾ വേസ്റ്റ് ഇടാൻ വന്നതായിരുന്നുവെന്നാണ് പറഞ്ഞത്. പിന്നീടിയാൾ ബൈക്കുമായി പോയി. അർദ്ധ രാത്രി പൊലീസ് വന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടിരുന്നോ എന്ന് അന്വേഷിച്ചപ്പോഴാണ് ബൈക്ക് ശ്രദ്ധയിൽപ്പെട്ട കാര്യം പൊലീസിനോട് പറഞ്ഞത്. ഇവിടെ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ വസ്ത്രങ്ങൾ ഇവിടെ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്". 

തിരുവനന്തപുരത്ത് 40 ദിവസം പ്രായമായ കുഞ്ഞിനെ അച്ഛൻ പുഴയിൽ എറിഞ്ഞു കൊന്നു, അറസ്റ്റ്

കുടുംബപ്രശ്നങ്ങളാണ് കുഞ്ഞിന്റെ കൊലയിലേക്ക് പിതാവ് ഉണ്ണികൃഷ്ണനെ എത്തിച്ചതെന്നാണ് പൊലീസ് വ്യത്തങ്ങൾ വിശദീകരിക്കുന്നത്. ഇന്നലെയിരുന്നു കുട്ടിയുടെ നൂലുകെട്ട് നടന്നത്. നെടുമങ്ങാട് വെച്ചായിരുന്നു ഇത് നടന്നത്. തന്റെ പാച്ചല്ലൂരിലെ വീട്ടിൽ കൊണ്ട് പോയി മാതാപിതാക്കളെ കാണിക്കണെന്ന് പറഞ്ഞായിരുന്നു ഉണ്ണികൃഷ്ണൻ കുഞ്ഞുമായി പോയത്. കുട്ടിയെ കാണാതായതോടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതും കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തിയതും.