മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവ്; ഉത്തരവിട്ടത് തിരുവനന്തപുരം പോക്സോ കോടതി
കുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്നതു മുതൽ 37 കാരനായ അച്ഛൻ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോഴാണ് അമ്മ മരിക്കുന്നത്. തുടർന്ന് സംരക്ഷകനായ അച്ഛൻ തന്നെ പീഡിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: മകളെ പീഡിപ്പിച്ച അച്ഛന് മരണം വരെ കഠിന തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം പോക്സോ കോടതിയുടെതാണ് ഉത്തരവ്. കുട്ടിയെ ഒന്നാം ക്ലാസിൽ പഠിക്കുന്നതു മുതൽ 37 കാരനായ അച്ഛൻ പീഡിപ്പിച്ചു വരികയായിരുന്നു. കുട്ടിയ്ക്ക് ഒന്നര വയസുള്ളപ്പോൾ അമ്മ മരിച്ചിരുന്നു. തുടർന്ന് സംരക്ഷകനായ അച്ഛൻ തന്നെ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
അധ്യാപകരോടാണ് കുട്ടി അച്ഛൻ്റെ ക്രൂരത തുറന്നു പറഞ്ഞത്. അധ്യാപകർ ഈ വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയും ഇതുവഴി പൊലീസിൽ പരാതിയെത്തുകയുമായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. കേസെടുത്ത് ഒരു വർഷത്തിനുള്ളിൽ തന്നെ പ്രതി ശിക്ഷിക്കപ്പെടുകയും ചെയ്തു. കുട്ടിക്ക് ഇപ്പോൾ 16 വയസുണ്ട്. അരുവിക്കര പൊലീസ് ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റ് ചെയ്തത് മുതൽ പ്രതി റിമാൻഡിൽ തുടരുകയാണ്.
https://www.youtube.com/watch?v=Ko18SgceYX8