Asianet News MalayalamAsianet News Malayalam

സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ വീണ്ടും സഭ; മോശം പരാമർശങ്ങളുമായി മാനന്തവാടി കോടതിയില്‍ സത്യവാങ്മൂലം

സിസ്റ്റർ സഭാ വിരോധികളുടെ കളിപ്പാവയായി മാറി. ചില സമയങ്ങളില്‍ സംസ്കാര ശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് സിസ്റ്ററുടെ താമസമെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 

fcc against sister lucy kalappura in court
Author
Wayanad, First Published Feb 4, 2020, 10:39 AM IST

വയനാട്: സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ മോശം ആരോപണങ്ങളുമായി മാനന്തവാടി രൂപത ബിഷപ്പും എഫ്‍സിസി സഭാ (ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം) അധികൃതരും കോടതിയില്‍‍. സഭാ വിരോധികള്‍ക്കൊപ്പം സദാസമയവും കറങ്ങി നടന്ന് സിസ്റ്റർ ഹോട്ടലുകളില്‍ താമസിച്ചെന്നും, അച്ചടക്കമില്ലാത്ത ജീവിതം നയിക്കാനാണ് സിസ്റ്റർക്ക് ഇപ്പോള്‍ താല്‍പര്യമെന്നും സത്യവാങ്മൂലത്തില്‍ ദ്വയാർത്ഥ പ്രയോഗത്തോടെ പറയുന്നു. സഭയുടെ തെറ്റായ ആരോപണങ്ങള്‍ കോടതി തള്ളിക്കളയുമെന്നാണ് പ്രതീക്ഷയെന്ന് സിസ്റ്റർ ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

എഫ്‍സിസി മഠത്തില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ ഹർജിയില്‍ സഭാ അധികൃതർക്ക് കോടതി നോട്ടീസയച്ചിരുന്നു. ഇതിന് മറുപടിയായി മാനന്തവാടി രൂപതാ മെത്രാന്‍ മാർ ജോസ് പൊരുന്നേടവും എഫ്സിസി സഭാ അധികൃതരും ചേർന്ന് നല്‍കിയ മറുപടിയിലാണ് സിസ്റ്റർക്കെതിരെ മോശം പരാമർശങ്ങള്‍. സഭയെ അപകീർത്തിപ്പെടുത്തുകയെന്ന മാത്രം ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സിസ്റ്റർ ലൂസി കളപ്പുര കാനോനിക നിയമങ്ങള്‍ക്കെതിരായാണ് ജീവിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ 51 ദിവസത്തോളം സിസ്റ്റർ മഠത്തിന് പുറത്താണ് കഴിഞ്ഞത്. എങ്ങോട്ട് പോയെന്നോ, എവിടെ താമസിച്ചെന്നോ സഭയെ അറിയിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. 

ചില സമയങ്ങളില്‍ സംസ്കാര ശൂന്യരായ സഭാ വിരോധികള്‍ക്കൊപ്പം ഹോട്ടലുകളിലൊക്കെയാണ് സിസ്റ്ററുടെ താമസം. ഇത് സഭാ നിയമങ്ങള്‍ക്ക് കടകവിരുദ്ദമാണ്. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘമടക്കം സിസ്റ്ററെ മഠത്തില്‍നിന്നും പുറത്താക്കികൊണ്ടുള്ള നടപടി ശരിവച്ച സാഹചര്യത്തില്‍ കാരയ്ക്കാമല എഫ്സിസി മഠത്തില്‍ സ്ഥലം കയ്യേറിയാണ് സിസ്റ്റർ താമസിക്കുന്നതെന്നും സത്യവാങ്മൂലത്തിലുണ്ട്. അന്യായമായി കോടതി തന്നെ അവിശ്വാസിക്കുന്നില്ലെന്നാണ് കരുതുന്നതെന്നാണ് ആരോപണങ്ങളോടുള്ള സിസ്റ്റർ ലൂസി കളപ്പുരയുടെ മറുപടി. നാളെയാണ് സിസ്റ്റർ നല്‍കിയ ഹർജി മാനന്തവാടി മുന്‍സിഫ് കോടതി പരിഗണിക്കുന്നത്.

Follow Us:
Download App:
  • android
  • ios