കൊച്ചി: സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്കലിനെതിരായ അപവാദ പ്രചാരണം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം (എഫ്‍സിസി). സിസ്റ്റർ ലൂസി പൊലീസിന് നൽകിയ പരാതികൾ അവാസ്തവമാണെന്നും സിസ്‌റ്ററെ പൂട്ടിയിട്ടു എന്ന ആരോപണം സഭയ്ക്കെതിരായ ഗൂഢാലോചനയുടെ ഭാഗമാണെന്നും വിശദീകരണ കുറിപ്പിൽ പറയുന്നു.

മാനന്തവാടി രൂപത പിആർഒയും വൈദികനുമായ ഫാദർ നോബിൾ തോമസ് പാറക്കലിന് മഠത്തിൽ മാധ്യമ പ്രവർത്തകർ എത്തിയ സിസിടിവി ദൃശ്യങ്ങൾ നൽകിയത് മഠം അധികൃതർ തന്നെയാണെന്നും മഠത്തിലും പരിസരത്തും ഇനി മദർ സുപ്പീരിയറിന്റെ അനുവാദം കൂടാതെ കയറുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു. 

വാർത്തശേഖരണവുമായി ബന്ധപ്പെട്ട്  കാണാൻ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവർത്തകർ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങളുപയോഗിച്ചാണ് ഫാദർ നോബിൾ തോമസ് പാറക്കൽ സിസ്‌റ്റർ ലൂസിക്കെതിരായ അപവാദ പ്രചാരണം നടത്തിയത്. മഠത്തിലെ സിസിടിവി ദൃശ്യത്തിലെ ഒരുഭാഗമെടുത്ത്‌ തനിക്ക്‌ മാനഹാനി ഉണ്ടാക്കുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന് കാണിച്ച് സിസ്‌റ്റർ ലൂസി കളപ്പുരയ്‌ക്കൽ ജില്ലാ പൊലീസ്‌ ചീഫിന്‌ പരാതി നൽകിയിരുന്നു. പരാതിയിൽ ഫാദർ നോബിൾ അടക്കം ആറ് പേർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. കേസിൽ പ്രാഥമിക മൊഴിയെടുപ്പ് നടത്തിയ പൊലീസ് അടുത്ത ദിവസം സിസ്റ്ററുടെ വിശദമായ മൊഴി രേഖപ്പെടുത്തും.