Asianet News MalayalamAsianet News Malayalam

ഫെഡറൽ ബാങ്ക് ജീവനക്കാർ കർഷകൻ പ്രസാദിന്റെ വീട്ടിലെത്തി വായ്പ വാഗ്ദാനം ചെയ്തു, സംശയത്തോടെ കാണണം: മന്ത്രി

സിബിൽ സ്കോറിന്റെ പരിധിയിൽ നിന്ന് പിആർഎസ് വായ്പ ഒഴിവാക്കണമെന്ന് യോഗത്തിൽ സർക്കാർ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു

Federal Bank offers loan to Farmer Prasad minister accuses kgn
Author
First Published Nov 17, 2023, 11:53 AM IST

ആലപ്പുഴ: തകഴിയിൽ ജീവനൊടുക്കിയ കർഷകൻ പ്രസാദിന്റെ വീട്ടിൽ ഇന്നലെ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥർ സന്ദർശിച്ചുവെന്നും എത്ര വായ്പ വേണമെങ്കിലും നൽകാമെന്ന് പറഞ്ഞുവെന്നും മന്ത്രി പി പ്രസാദ്. ഇത് സംശയത്തോടെ കാണണമെന്ന് പറഞ്ഞ മന്ത്രി, കർഷകൻ പ്രസാദ് മുമ്പ് ആവശ്യപ്പെട്ടപ്പോൾ നൽകാതിരുന്ന വായ്പ ഇപ്പോൾ നൽകാമെന്ന് പറയുന്നതിന് എന്ത് മറുപടിയാണ് പറയേണ്ടതെന്നും ചോദിച്ചു.

കർഷകരുടെ നെല്ല് മുഴുവൻ സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ട. പരാതി വന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു ഹെക്ടറിൽ നിന്ന് എത്ര നെല്ല് ലഭിക്കും എന്ന കണക്കെടുത്തത്. പി ആർ എസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് ആലപ്പുഴയിൽ നടക്കുന്ന ബാങ്കുകളുടെ യോഗത്തിൽ ചർച്ച ചെയ്യും. സിബിൽ സ്കോറിന്റെ പരിധിയിൽ നിന്ന് പിആർഎസ് വായ്പ ഒഴിവാക്കണമെന്ന് യോഗത്തിൽ സർക്കാർ ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

തകഴിയിൽ ജീവനൊടുക്കിയ കർഷകൻ കെജി പ്രസാദിന്റെ വീട് ഇന്ന് രാവിലെ സന്ദർശിച്ചതിനെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൃഷി മന്ത്രി. വീട്ടുകാരെയോ മാധ്യമങ്ങളെയോ അറിയിക്കാതെയായിരുന്നു ഇന്ന് രാവിലെ തകഴിയിലെ വീട്ടിൽ മന്ത്രിയെത്തിയത്. രാവിലെ പൊലീസുകാർ വീട്ടിലെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. മന്ത്രിയുടെ സന്ദർശനമാണെന്ന് അറിഞ്ഞത് പിന്നീടാണ്. ഭവന വായ്പ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് കുടുംബാംഗങ്ങളോട് മന്ത്രി പി പ്രസാദ് വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios