127 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് 11418 പേർ പനിക്ക് ചികിത്സ തേടി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പനിമരണം. എലിപ്പനി ബാധിച്ചാണ് ഒരാൾ മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഒരു മരണം എച്ച്1എൻ1 ബാധിച്ചതിനെ തുടർന്നാണെന്ന് സംശയിക്കുന്നു. അതുപോലെ നാലു പേരുടെ മരണം ഡെങ്കിപ്പനി മൂലമാണോ എന്ന് സംശയമുണ്ട്. ഇതുവരെ 127 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്ന് 11418 പേർ പനിക്ക് ചികിത്സ തേടി.
ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചു. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിക്ക് സ്ഥിരീകരിച്ചത്.
അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. വെള്ളത്തിൽ ജീവിക്കുന്ന അമീബ രോഗാണുവാണ് രോഗം പരത്തുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു. പനി, തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ.
മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരുവാൻ കാരണ മാകുന്നതിനാൽ അത് പൂർണ്ണമായും ഒഴിവാക്കുക. മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഡി.എം.ഒ. അറിയിച്ചു.
ആലപ്പുഴയിൽ അപൂര്‍വ രോഗം; 15കാരന് പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് റിപ്പോര്‍ട്ട് ചെയ്തു

