പ്രതിപക്ഷത്തിൽ എൻആർ കോൺഗ്രസിൽ ഏഴ് എംഎൽഎമാരും അണ്ണാ ഡിഎംകെയ്ക്ക് നാല് എംഎൽഎമാരുമാണുള്ളത്. അതോടൊപ്പമാണ് നാമനിർദേശം ചെയ്ത മൂന്ന് അംഗങ്ങളും ഉള്ളത്
പോണ്ടിച്ചേരി: നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ പുതുച്ചേരിയിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. ഒരു എംഎൽഎ കൂടി രാജിവച്ചു. കോൺഗ്രസ് എംഎൽഎ ലക്ഷ്മി നാരായണനാണ് രാജിവച്ചത്. ഇതോടെ കോൺഗ്രസ് സർക്കാരിന്റെ അംഗബലം 13 ആയി. പ്രതിപക്ഷത്ത് മൂന്ന് നോമിനേറ്റഡ് അംഗങ്ങളടക്കം 14 പേരുണ്ട്. നോമിനേറ്റഡ് അംഗങ്ങൾക്ക് വിശ്വാസ വോട്ടിൽ പങ്കെടുക്കാനാവില്ലെന്ന് കാട്ടി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. ആകെ 27 അംഗങ്ങളാണ് ഇപ്പോൾ പുതുച്ചേരി നിയമസഭയിലുള്ളത്. ഭരണപക്ഷത്ത് നിന്ന് അഞ്ച് പേരാണ് ഇതിനോടകം രാജിവെച്ചത്.
നോമിനേറ്റഡ് അംഗങ്ങൾക്ക് വിശ്വാസ വോട്ടെടുപ്പിൽ അവകാശം ഇല്ലെന്ന് വന്നാൽ, കോൺഗ്രസിന് വ്യക്തമായ മേൽക്കൈയോടെ മുന്നോട്ട് പോകാം. അല്ലെങ്കിൽ എൻആർ കോൺഗ്രസും എഐഎഡിഎംകെയും ബിജെപിയും ചേർന്നുള്ള സഖ്യത്തിന് മേൽക്കൈ ലഭിക്കും. കേന്ദ്രസർക്കാർ നാമനിർദേശം ചെയ്ത അംഗങ്ങൾക്ക് ബിജെപിക്കായി വോട്ട് ചെയ്യാനാകില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. അവർ ബിജെപി അംഗങ്ങൾ അല്ലെന്നും കോൺഗ്രസ് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത ആവശ്യപ്പെട്ട് ലഫ്റ്റനന്റ് ഗവർണർക്ക് മുഖ്യമന്ത്രി വി നാരായണസ്വാമി കത്ത് അയച്ചു.
പുതുച്ചേരി കേന്ദ്രഭരണ പ്രദേശമായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെയാണ് മൂന്ന് അംഗങ്ങളെ നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത്. ബിജെപി എംഎൽഎമാർ എന്ന് ഇവർ അവകാശപ്പെട്ടാൽ അതോടെ കൂറുമാറ്റ നിരോധനനിയമപ്രകാരം മൂവരും അയോഗ്യരാക്കപ്പെടും എന്നും കോൺഗ്രസ് വാദിക്കുന്നു. ഒരാൾ കൂടി രാജിവെച്ചതോടെ പുതുച്ചേരിയിലെ എംഎൽഎമാരുടെ എണ്ണം 27 അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിലുള്ളത്. ഇതിൽ 14 അംഗങ്ങളുടെ വീതം പിന്തുണയാണ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഉള്ളത്.
പ്രതിപക്ഷത്തിൽ എൻആർ കോൺഗ്രസിൽ ഏഴ് എംഎൽഎമാരും അണ്ണാ ഡിഎംകെയ്ക്ക് നാല് എംഎൽഎമാരുമാണുള്ളത്. അതോടൊപ്പമാണ് നാമനിർദേശം ചെയ്ത മൂന്ന് അംഗങ്ങളും ഉള്ളത്. അങ്ങനെയാണ് 14 പേരുടെ പിന്തുണ എൻ ആർ കോൺഗ്രസ്-അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് ഉള്ളത്. നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ മാറിനിന്നാൽ വിശ്വാസവോട്ടെടുപ്പിൽ ഭരണപക്ഷത്തിന് വിജയം അനായാസമാകും. അംഗങ്ങളുടെ എണ്ണം 24 ആയി ചുരുങ്ങുകയും കേവലഭൂരിപക്ഷത്തിന് 13 പേരുടെ പിന്തുണ മതി എന്ന അവസ്ഥ വരികയും ചെയ്യും. അതുകൊണ്ട് തന്നെ കോൺഗ്രസ് പക്ഷത്ത് നിന്ന് ഇനിയും രാജിപ്രഖ്യാപനം ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
