Asianet News MalayalamAsianet News Malayalam

കൊവിഡ് പോരാട്ടത്തിൽ കേരളം ലോകത്തിന് മാതൃക; നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ആദ്യം പകർച്ചവ്യാധി നിയമം പാസാക്കിയ സംസ്ഥാനം കേരളമാണ്. എട്ട് വിദേശികളെ കേരളം ചികിത്സിച്ച് പൂർണ്ണ ആരോ​ഗ്യമുള്ളവരാക്കി. അവരിന്ന് കേരളത്തെ പ്രശംസിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

fight against covid pinarayi Vijayan says kerala is role model for world
Author
Thiruvananthapuram, First Published Apr 20, 2020, 6:42 PM IST

തിരുവനന്തപുരം: കൊവിഡ് പോരാട്ടത്തിൽ കേരളം ലോകത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മോഡൽ ഇന്ദ്രജാലമല്ലെന്നും കൂട്ടായ്മയുടെ വിജയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡിനെതിരെ കേരളം ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിച്ചു. ആദ്യ ഘട്ടത്തിലെ മുഴുവൻ പേരെയും ചികിത്സിച്ച് ഭേദമാക്കി. പഴുതടച്ചുള്ള ഇടപെടലാണ് നാം നടത്തിയത്. കൊവിഡിന്റെ നാട് എന്ന പേരിൽ നിന്ന് കേരളം മുക്തമായി. കേരളത്തിന് ഇത് ആശ്വസിക്കാനും അഭിമാനിക്കാനും പറ്റുന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം തുടങ്ങിയത്. ആദ്യം പകർച്ചവ്യാധി നിയമം പാസാക്കിയ സംസ്ഥാനം കേരളമാണ്. ഉയരന്ന രോ​ഗമുക്തി നിരക്കും താഴ്ന്ന മരണനിരക്കും കേരളത്തിലാണ്. കേരളത്തിലെ മരണനിരക്ക് ലോക ശരാശരിക്കും ദേശീയ ശരാശരിക്കും കുറവാണ്. എട്ട് വിദേശികളെ കേരളം ചികിത്സിച്ച് പൂർണ്ണ ആരോ​ഗ്യമുള്ളവരാക്കി. അവരിന്ന് കേരളത്തെ പ്രശംസിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 38 കൊവിഡ് സ്പെഷ്യൽ ആശുപത്രികളാണ് കേരളത്തിൽ ഉണ്ടാക്കിയത്. ആദ്യമായി പ്ലാസ്മ പരിശോധന തുടങ്ങിയതും കേരളത്തിലാണെന്ന് പിണറായി വിജയൻ കൂട്ടിച്ചേർത്തു. 

ജനുവരി 30-നാണ് ആദ്യത്തെ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. അവിടുന്നങ്ങോട്ട് സംസ്ഥാനം മുൾമുനയിൽ നിൽക്കുന്ന അവസ്ഥയായിരുന്നു. രാജ്യത്തെ ആദ്യത്തെ കൊവിഡ് ബാധ നമ്മുടെ നാട്ടിലായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നും വന്ന വിദ്യാർത്ഥിനിയെയാണ് തൃശ്ശൂരിലെ ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. പല ലോകരാഷ്ട്രങ്ങളേയും വൈറസ് ഗുരുതരമായി ബാധിച്ചപ്പോൾ കേരളം ഉണർന്നു പ്രവർത്തിക്കുകയായിരുന്നു. 

ആരോഗ്യവകുപ്പിന് കീഴിൽ പ്രത്യേക സംഘമുണ്ടാക്കി, എല്ലാ ജില്ലയിലും പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ചികിത്സയ്ക്ക് മാനദണ്ഡം രൂപീകരിച്ചു. ത‍‍ൃശൂർ ജില്ലയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി രണ്ടിനും മൂന്നിനുമായി ആലപ്പുഴയിലും കാസർകോടും ചൈനയിൽ നിന്നും വന്ന രണ്ട് വിദ്യാർത്ഥിനികൾക്ക് കൂടി രോഗം ബാധിച്ചു. അവരെ മൂന്ന് പേരേയും ചികിത്സിച്ചു ഭേദമാക്കി. കൊവിഡിനെതിരായ ആദ്യഘട്ടം നാം അങ്ങനെ വിജയകരമായി പൂർത്തിയാക്കിയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എന്നാൽ പിന്നീട് ഫെബ്രുവരി 19-ന് പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. ഇതിനു മുൻപേ തന്നെ വിമാനത്താവളങ്ങളിൽ നമ്മൾ പ്രത്യേക സ്ക്രീനിംഗ് ആരംഭിച്ചിരുന്നു. എന്നിട്ടും രോഗബാധയുണ്ടായി. ഇതോടെ ശക്തമായ മുന്നൊരുക്കങ്ങൾ നമ്മൾ ആരംഭിച്ചു. രോഗബാധിതരുമായി ഇടപെട്ടവരേയും അവർക്കൊപ്പം പോയവരുയുമെല്ലാം കണ്ടെത്തി സമ്പർക്ക പട്ടിക തയ്യാറാക്കി. അതിനുശേഷം വിമാനത്താവളങ്ങളിലെല്ലാം പരിശോധന കർശനമാക്കി. വിദേശത്ത് നിന്നും വരുന്ന എല്ലാവരേയും നിരീക്ഷണത്തിലാക്കി. ഇതിനിടെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ എല്ലാ കൂടിച്ചേരലുകളും ഒഴിവാക്കി. വിവാഹങ്ങളടക്കം ലളിതമാക്കി. സിനിമാതീയേറ്ററുകൾ അടച്ചു പൂട്ടി.

സർക്കാർ സംവിധാനങ്ങളും ബഹുജനസംഘടനകളും ഒന്നിച്ചിറങ്ങി. ഒരു ഭിന്നാഭിപ്രായവുമില്ലാതെ ഒരു സംസ്ഥാനം ഒന്നാകെ വൈറസ് പ്രതിരോധത്തിന് അണിനിരന്നു. വ്യക്തിശുചിത്രം പാലിക്കൽ, സാനിറ്റൈസർ ഉപഭോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി കേരളത്തിൽ നടപ്പാക്കി. ദേശീയതലത്തിൽ ലോക്ക് ഡൌണ് വരും മുൻപേ കേരളത്തിൽ ഇതിനുള്ള നടപടികൾ എടുത്തു. കുറഞ്ഞ ചെലവിൽ സാനിറ്റൈസറും മാസ്കും ഉത്പാദിപ്പിച്ച് ജനങ്ങളിൽ എത്തിച്ചു. പെട്ടെന്ന് സ്തംഭിച്ചു പോയ നാടിനേയും ജനജീവിത്തേയും തിരികെ പിടിക്കാൻ 20000 കോടിയുടെ സ്പെഷ്യൽ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. വിദേശത്തു നിന്നും പ്രവാസികൾ തിരിച്ചു വരാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശത്തിനെതിരെ കേരളനിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി. 

കൊവിഡ് വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്തതും ആദ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുണ്ടായിരുന്നതും കേരളത്തിലാണ്. കേരളം കൊവിഡിൻ്റെ നാടാണ് എന്ന് പറഞ്ഞാണ് അയൽസംസ്ഥാനം അതിർത്തി റോഡുകൾ ടാറിട്ട് മൂടിയത്. എന്നാൽ, കേരളം അതെല്ലാം മറികടന്നു. കേരളത്തിലെ ചികിത്സാസമ്പ്രാദയത്തിന്റെ നിലവാരവും കരുത്തും ഇവിടെ നിന്നും രോഗം ഭേദമായി മടങ്ങിപ്പോയ വിദേശികൾ മറയില്ലാതെ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലായത് ഇന്ദ്രജാലം കൊണ്ടല്ല. നമ്മുടെ ഒന്നിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. ലോകപ്രശസ്തമായ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കേരളത്തെ പുകഴ്ത്തുന്നു. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം കേരളത്തിന് നൽകിയ പ്രശംസ സ്വന്തം ജീവൻ പണയം വച്ച് കൊവിഡ് രോഗത്തെ നേരിടുന്ന ആരോഗ്യപ്രവർത്തകർക്കുള്ളതാണ്. ഏതു പ്രതിസന്ധിയും മറികടക്കാൻ നമ്മുക്ക് മാറ്റാരുടേയും സഹായം വേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ വന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios