കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയവർ തമ്മിൽ അടിപിടി. ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറുടെ ശരീരത്തിലേക്ക് വീണതായി പരാതിയുണ്ട്.
കാസർകോട്: കാസർകോട് ജനറൽ ആശുപത്രി കാഷ്യലിറ്റിയിൽ ചികിത്സയ്ക്ക് എത്തിയ യുവാവിനെ അത്യാഹിത വിഭാഗത്തിൽ കയറി ആക്രമിച്ചു. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറുടെ ശരീരത്തിലേക്ക് സ്റ്റൂൾ അടക്കം മറിഞ്ഞു വീണു. സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ഡോക്ടർമാരും ജീവനക്കാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിൽ പരിക്കേറ്റ് വിദ്യാനഗർ സ്വദേശി ഷിഹാബ് ചികിത്സയ്ക്ക് എത്തിയപ്പോൾ ആയിരുന്നു സംഭവം. കാസർകോട് ജനൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോക്ടർ പരിശോധിച്ചു കൊണ്ടിരിക്കെ ശിഹാബിനെ വീണ്ടും ആക്രമിക്കുകയായിരുന്നു. ഡോക്ടർ സ്നേഹയുടെ ദേഹത്തേക്ക് സ്റ്റൂൾ അടക്കം മറിഞ്ഞു വീണു.
കാഷ്യാലിറ്റിയിൽ കയറിയുള്ള ആക്രമണത്തിൽ ഡോക്ടർമാർ അടക്കമുള്ളവർ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ബെദിയയിലെ മുഹമ്മദ് ഷാനിദ് ആണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ ഷിഹാബ് പറഞ്ഞു. ബഹളത്തിന് ഇടയിൽ ആക്രമണം നടത്തിയ ആൾ രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി.


