കോട്ടയം: പാല ഉപതെരഞ്ഞടുപ്പിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ തുടരുന്ന തര്‍ക്കത്തിന് പരിഹാരമായില്ല. വരും ദിവസങ്ങളില്‍ ചര്‍ച്ചയിലൂടെ യോജിച്ച തീരുമാനത്തിലെത്താന്‍ യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പ് വിജയത്തിനായി മുന്നണി കണ്‍വീനര്‍ അദ്ധ്യക്ഷനായി 9 അംഗ സമിതിയും രൂപീകരിച്ചു.

കേരള കോണ്‍ഗ്രസിന്‍റെ സീറ്റാണ് പാല. ആ കീഴ്വഴക്കത്തില്‍ മാറ്റമില്ലെന്ന നിലപാടിലാണ് യുഡിഎഫ് യോഗം ചേര്‍ന്നത്. ജയസാധ്യതയുള സ്ഥാനാര്‍ത്ഥിയെ വേണമെന്ന നിലപാടില്‍ ജോസഫ് വിഭാഗം ഉറച്ചു നിന്നു. എന്നാല്‍ കെ.എം.മാണിയുടെ സീറ്റില്‍ ആരും അവകാശവാദവും ഉപാധിയും വക്കേണ്ട എന്ന നിലപാടിലായിരുന്നു ജോസ് കെ.മാണി വിഭാഗം. തുടര്‍ന്ന് യുഡിഎഫ് നേതൃത്വം ഇരു വിഭാഗവുമായി ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല.

ആര് സ്ഥാനാര്‍ഥിയാകും, രണ്ടില ചിഹ്നത്തിലായിരിക്കുമോ മത്സരം എന്നതെല്ലാം സാങ്കേതികം മാത്രമാണെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി.ചര്‍ച്ചയിലൂടെ യോജിച്ച തീരുമാനത്തിലെത്താനാണ് യുഡിഎഫ് നേതൃത്വം കേരളകോണ്‍ഗ്രസിലെ ഇരുവിഭാഗത്തിനും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസ് ഇടപെടും. വെളളിയാഴ്ചക്കു മുമ്പ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ