ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ കേരളത്തിൽ ഈദുൽ ഫിത്തർ ആഘോഷിക്കും.

മലപ്പുറം: ചെറിയ പെരുന്നാളിനെ വരവേൽക്കാനുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് കേരളത്തിലെ വിശ്വാസികൾ. മൈലാഞ്ചി ഇട്ടും പുത്തൻ ഉടുപ്പുകൾ വാങ്ങിയും പെരുന്നാൾ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്രതാനുഷ്ഠാനത്തിന്‍റെയും പ്രാർത്ഥനയുടെയും ദിവസങ്ങളാണ് കടന്നു പോകുന്നത്. വേനലവധിയും കൂടി എത്തിയതോടെ വീടുകൾ സന്തോഷത്തിന്‍റെയും ഒത്തുചേരലിന്‍റെയും ഇടങ്ങളായി മാറി. കൈകളിലെ മൈലാഞ്ചി തണുപ്പാണ് പെരുന്നാളിന്‍റെ വരവറിയിക്കുന്നത്. മൈലാഞ്ചി ഇടാനും അണിയിക്കാനുമുള്ള തിരക്കിലാണ് പെൺകുട്ടികൾ. പെരുന്നാൾ ഉടുപ്പുകളും തയ്യാർ. ഇനി മാസപ്പിറവിക്കായുള്ള കാത്തിരിപ്പാണ്.

കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത ഉണ്ടെന്നും നാളെ പെരുന്നാൾ ആകാൻ സാധ്യത ഉണ്ടെന്നും മുജാഹിദ് നേതാവ് ഹുസൈൻ മടവൂർ പറഞ്ഞു. പെരുന്നാൾ സന്ദേശങ്ങൾ വർധിക്കുന്ന ലഹരി ഉപയോഗത്തിനെതിരായ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തും. വഖഫ് വിഷയവും ഉന്നയിക്കുമെന്നും ഹുസൈൻ മടവൂർ പറഞ്ഞു. 

അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി നാളെയാണ് ഈദുൽ ഫിത്തർ ആഘോഷം. ഗൾഫ് രാജ്യങ്ങളിലെമ്പാടും വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകൾ നടക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നത്. 

കേരള തീരത്ത് ഇന്ന് ഒരു മണിക്കൂർ നേരം ചന്ദ്രനെ കാണാൻ സാധ്യത; നാളെ പെരുന്നാളിന് സാധ്യതയെന്ന് ഹുസൈൻ മടവൂർ

YouTube video player