പുതിയ സംസ്ഥാന കൗണ്‍സില്‍ രൂപീകരിക്കാന്‍ എ പി അബ്ദുള്‍ വഹാബിന്‍റെ നേതൃത്വത്തില്‍ ഇന്ന് തീരുമാനിച്ചിരുന്നു. കോഴിക്കോട് ചേരുന്ന യോഗത്തിലാണ് പുതിയ കൗണ്‍സില്‍ രൂപീകരണ ചര്‍ച്ച നടന്നത്. 

കോഴിക്കോട്: ഐഎൻഎൽ (INL) ഔദ്യോഗികമായി പിളർന്നു. മുൻ സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൾ വഹാബ് (A P Abdul Wahab) വിഭാഗം പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തെ വെല്ലുവിളിച്ച് കോഴിക്കോട് വിളിച്ച യോഗത്തിൽ നിലവിൽ ഉണ്ടായിരുന്ന 120 അംഗ സംസ്ഥാന കൗൺസിലെ എഴുപത്തേഴ് അംഗങ്ങള്‍ പങ്കെടുത്തതായി അബ്ദുള്‍ വഹാബ് വിഭാഗം അവകാശപ്പെട്ടു. ഭൂരിഭാഗം അംഗങ്ങളേയും പങ്കെടുപ്പിച്ച് ശക്തി തെളിയിക്കാനായെന്ന നിലപാടിലാണ് എ പി അബ്ദുള്‍ വഹാബ് വിഭാഗം. 

യോഗത്തില്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.സംസ്ഥാന പ്രസിഡ‍ന്‍റായി എ പി അബ്ദുള്‍ വഹാബിനേയും ജനറല്‍ സെക്രട്ടറിയായി നാസര്‍ കോയ തങ്ങളേയും ട്രഷററായി വഹാബ് ഹാജിയേയും യോഗം തെരെഞ്ഞെടുത്തു. 2018 മുതല്‍ പാര്‍ട്ടിയില്‍ നടപ്പാക്കിയ അച്ചടക്ക നടപടികള്‍ റദ്ദാക്കിയതായും അബ്ദുള്‍ വഹാബ് അറിയിച്ചു. എന്നാല്‍ മുന്‍ സംസ്ഥാന പ്രസിഡന്‍റ് വിളിച്ച് ചേര്‍ത്തത് ഐഎന്‍എല്‍ യോഗമല്ലെന്ന് മറുവിഭാഗം പ്രതികരിച്ചു. വിവിധ കാരണങ്ങളാല്‍ ഐഎന്‍എല്ലില്‍ നിന്ന് പുറത്താക്കിയവരെ പങ്കെടുപ്പിച്ച് മുന്‍ പ്രസിഡന്‍റ് യോഗം വിളിച്ച് അപഹാസ്യനായെന്നായിരുന്നു മറുവിഭാഗത്തിന്‍റെ ആക്ഷേപം. മുതിര്‍ന്ന നേതാക്കളൊന്നും യോഗത്തില്‍ പങ്കെടുത്തിട്ടില്ല. വിവിധ കാരണങ്ങളാല്‍ പാര്‍ട്ടി പുറത്താക്കിയവരാണ് അബ്ദുള്‍ വഹാബ് വിളിച്ച യോഗത്തിന് എത്തിയത്. മറിച്ചുള്ള അവകാശവാദം തെറ്റാണെന്നും മറുവിഭാഗം വിശദീകരിച്ചു. 

സംസ്ഥാന നേതൃത്ത്വത്തിന്‍റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് ഈയിടെയാണ് എ പി അബ്ദുള്‍ വഹാബ്
പ്രസിഡന്‍റായ കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടത്. പകരം ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ്
ദേവര്‍ കോവില്‍ ചെയര്‍മാനായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. എ പി അബ്ദുള്‍ വഹാബ്
ഇതിനെതിരെ രംഗത്ത് വന്നതോടെയാണ് ഐഎന്‍എല്‍ പിളര്‍പ്പിലെത്തിയത്. ദേശീയ നേതൃത്വത്തെ അംഗീകരിക്കാത്ത എ പി അബ്ദുള്‍ വഹാബിനെതിരെ നടപടി വേണമെന്ന് ഇന്നലെ കോഴിക്കോട് ചേര്‍ന്ന അഡ്ഹോക് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. അഡ്ഹോക്ക് കമ്മിറ്റിയിലേക്ക് എ പി അബ്ദുള്‍ വഹാബിനെ വിളിച്ചെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.

എറണാകുളത്ത് പാര്‍ട്ടി യോഗത്തിനിടെ അക്രമം ഉണ്ടാക്കിയതിന് പിന്നില്‍ അബ്ദുള്‍ വഹാബ് ആണെന്നായിരുന്നു അഡ്ഹോക്ക് കമ്മിറ്റി അംഗങ്ങളുടെ ആരോപണം. ഇതെല്ലാം പാര്‍ട്ടി വിരുദ്ധ നിലപാടാണെന്ന വിലയിരുത്തലിലാണ് അഡ്ഹോക്ക് കമ്മിറ്റി. അഡ്ഹോക് കമ്മിറ്റിയുടെ ശുപാര്‍ശ ദേശീയ നേതൃത്വം പരിഗണിക്കുന്നതിനിടെയാണ് ശക്തി തെളിയിക്കാന്‍ എ പി അബ്ദുള്‍ വഹാബ് യോഗം വിളിച്ചത്. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിച്ച് ഒന്നിച്ച് നില്‍ക്കണമെന്ന് ഐഎന്‍എല്ലിന് ഇടതുമുന്നണി നിര്‍ദ്ദേശം നല്‍കിയിരുന്നു. പാര്‍ട്ടി പിളര്‍ന്നതോടെ ഇരു കൂട്ടരോടും ഇടതുമുന്നണി ഇനിയെന്ത് നിലപാട് സ്വീകരിക്കും എന്നത് നിര്‍ണ്ണായകമാണ്.