ഗവർണറുടെ 'അറ്റ് ഹോമിൽ' പങ്കെടുക്കാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ, സ്പീക്കറും മുഖ്യമന്ത്രിയും പങ്കെടുത്തു
റിപ്പബ്ലിക് ദിന വിരുന്നായ അറ്റ് ഹോമിൽ പങ്കെടുക്കാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ. നേരത്തെ, മന്ത്രിക്ക് മേലുള്ള പ്രീതി ഗവർണർ പിൻവലിച്ചിരുന്നു.

തിരുവനന്തപുരം: റിപ്പബ്ലിക് ദിന വിരുന്നായ അറ്റ് ഹോമിൽ പങ്കെടുക്കാതെ ധനമന്ത്രി കെഎൻ ബാലഗോപാൽ. നേരത്തെ, മന്ത്രിക്ക് മേലുള്ള പ്രീതി ഗവർണർ പിൻവലിച്ചിരുന്നു. എന്നാൽ ബജറ്റ് ഒരുക്കങ്ങളുടെ തിരക്കിലായതിനാലാണ് പങ്കെടുക്കാതിരുന്നതെന്നാണ് ധനമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. വിരുന്നിൽ മുഖ്യമന്ത്രി രാജ്ഭവനിലെത്തി പങ്കെടുത്തു. സ്പീക്കർ എ എൻ ഷംസീർ, ഭക്ഷ്യമന്ത്രി ജി.ആർ അനിൽ എന്നിവരും പങ്കെടുത്തു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്കായി വിവിധ ജില്ലകളിലായതിനാൽ മറ്റു മന്ത്രിമാരും പങ്കെടുത്തില്ല.
കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു ഗവർണർ അസാധാരണ നടപടിയുമായി രംഗത്തെത്തിയത്. ധനമന്ത്രിയെ പിൻവലിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കത്തെഴുതുകയായിരുന്നു. നിയമന അധികാരി എന്നനിലയിൽ പ്രീതി നഷ്ടപ്പെട്ടതിനാൽ മന്ത്രിയെ പിൻവലിക്കണമെന്നായിരുന്നു ആവശ്യം. ഗവര്‍ണറുടെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും തുടര്‍ നടപടി ആവശ്യമില്ലെന്നും ആയിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി.
കേരള സര്‍വ്വകലാശാലയെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. മന്ത്രി കെഎൻ ബാലഗോപാൽ സത്യപ്രതിജ്ഞ ലംഘിച്ചു. ബോധപൂര്‍വ്വം സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും ദുര്ഡബലപ്പെടുത്തുകയും ചെയ്യുന്ന ഒരു മന്ത്രിക്ക് എന്റെ പ്രീതിയില്ല. കെഎൻ ബാലഗോപാലിനോട് പ്രിതി നഷ്ടമായി. ഇക്കാര്യം അര്‍ഹിക്കുന്ന ഗൗരവത്തോടെ എടുക്കുമെന്ന് ആശിക്കുന്നു. ഭരണഘടനാനുസൃതമായ നടപടിയും പ്രതീക്ഷിക്കുന്നു ഇതായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അയച്ച അസാധാരണ കത്തിന്റെ ആകെത്തുക.
ബാലഗോപാലിന്റെ പ്രസംഗം ദിവാൻ ഭരണത്തെ എതിര്‍ത്ത ഇഎംഎസിന്റെ നിലപാടിന് പോലും വിരുദ്ധമാണെന്നും രാജ്യത്തിന്റെ ഐക്യത്തിനായി നിലകൊണ്ടായാളാണ് ഇഎംഎസ് എന്നും ഗവര്‍ണര്‍ കത്തിൽ പരാമര്‍ശിക്കുന്നുണ്ട്. മാധ്യമ വാര്‍ത്തകളുടെ വിശദാശംങ്ങൾ മുതൽ മന്ത്രിമാരായ ആര്‍ ബിന്ദുവിനും പി രാജീവിനും എതിരായ വിമര്ശനം വരെ എഴുതിച്ചേര്‍ത്തായിരുന്നു ഗവര്‍ണറുടെ കത്ത്.