Asianet News MalayalamAsianet News Malayalam

'കാശില്ല, വാഹനം വാങ്ങരു'തെന്ന് പറഞ്ഞ ധനവകുപ്പ് വണ്ടി വാങ്ങാന്‍ ചെലവഴിച്ചത് 96 ലക്ഷം

സാമ്പത്തിക പ്രതിസന്ധി മൂലം മുണ്ട് മുറുക്കി ഉടുക്കണമെന്നാണ് ധനവകുപ്പ് നിർദ്ദേശം. വകുപ്പ് മേധാവികൾ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കർശന നിർദ്ദേശവുമുണ്ട്. 

finance ministry purchase new vehicle cost 96 lakhs
Author
Thiruvananthapuram, First Published Jun 12, 2019, 6:27 AM IST

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഉത്തരവിട്ട ധനവകുപ്പ് തന്നെ 12 പുതിയ എസി ബൊലേറോ ജീപ്പുകൾ വാങ്ങി. നാല്പതിനായിരം മുതൽ എഴുപതിനായിരം കിലോ മീറ്റർ മാത്രം ഓടിയ വണ്ടികൾക്ക് പകരമാണ് പുതിയ വാഹനങ്ങൾ വാങ്ങിയത്. 

സാമ്പത്തിക പ്രതിസന്ധി മൂലം മുണ്ട് മുറുക്കി ഉടുക്കണമെന്നാണ് ധനവകുപ്പ് നിർദ്ദേശം. വകുപ്പ് മേധാവികൾ മാത്രമേ പുതിയ വാഹനം വാങ്ങാവൂ എന്ന കർശന നിർദ്ദേശവുമുണ്ട്. വിവിധ വകുപ്പുകളും സ്ഥാപനങ്ങളും പുതിയ വാഹനം വാങ്ങാതെ അപേക്ഷ ക്ഷണിച്ച് മൂന്ന് മുതൽ അഞ്ച് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം എടുക്കണമെന്നായിരുന്നു നിർദ്ദേശം. 

എന്നാൽ ധനവകുപ്പിന് കീഴിലെ ധനകാര്യപരിശോധന വിഭാഗം നിർദ്ദേശങ്ങൾ കാറ്റിൽപ്പറത്തി 12 മഹേന്ദ്ര ബൊലേറോ വാഹനങ്ങൾ വാങ്ങി. നിയമസഭയിൽ ധനമന്ത്രി നൽകിയ ഉത്തരത്തിലാണ് വിവരങ്ങളുള്ളത്. വാഹനങ്ങൾ വാങ്ങാനുള്ള ചെലവായത് 96 ലക്ഷം. 

ധനകാര്യ പരിശോധനാ വിഭാഗത്തിന് നിലവിലുള്ള ഓൾട്ടോ കാറിൽ പരിശോധനക്കായി കൂടുതൽ ജീവനക്കാർക്ക് പോകാനുള്ള ബുദ്ധിമുട്ടാണ് പുതിയ വാഹനം വാങ്ങാനുള്ള ഒരു കാരണമായി പറയുന്നത്. 12 ജില്ലകളിലെ വാഹനങ്ങളിൽ എസി ഇല്ലാത്തതിനാൽ മഴക്കാലത്ത് സുരക്ഷാ ഭീഷണിയുണ്ടെന്നും മറുപടിയിലുണ്ട്. 

നിലവിലുള്ള പഴയ വാഹനങ്ങൾ ദേശീയ സമ്പാദ്യ പദ്ധതി വിഭാഗത്തിന് കൈമാറുമെന്നും വിശദീകരിക്കുന്നു. ധനകാര്യപരിശോധനാ വിഭാഗം തന്നെ പുതിയ വണ്ടികൾ വാങ്ങിയതിനാൽ മറ്റ് വകുപ്പുകളും പിന്നാലെ പുതിയ വാഹനം വാങ്ങാനുള്ള അപേക്ഷകളുമായി എത്തുമെന്നുറപ്പാണ്.

Follow Us:
Download App:
  • android
  • ios