സ്ഥിര നിക്ഷേപമായിട്ടല്ല ഈ പണം സ്വീകരിക്കുന്നത്. സേഫ് ആന്‍റ് സ്ട്രോങ് കൺസൾട്ടൻസി സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസിയെന്ന നിലയിലാണ് നിക്ഷേപകനുമായി കരാർ ഒപ്പിടുന്നത്. നിയമത്തിന്‍റെ കണ്ണുകെട്ടാൻ പലിശയ്ക്ക് പകരം പ്രതിമാസ സ്റ്റൈപ്പെന്റ്
കൊച്ചി: പ്രതിവർഷം 48 ശതമാനം വരെ അവിശ്വസനീയമായ പലിശ വാഗ്ദാനം ചെയ്താണ് തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് എന്ന സാമ്പത്തിക സ്ഥാപനം ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്നായി കോടികൾ പിരിച്ചെടുത്തത്. സ്ഥാപനത്തിന്‍റെ നിധി കമ്പനിയിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുമ്പോൾ സേഫ് ആന്‍റ് സ്ട്രോങ് കൺസൾട്ടൻറ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു രാജ്യത്തെ സാമ്പത്തിക നിയമങ്ങളുടെ കണ്ണു വെട്ടിക്കാനുളള ആസൂത്രിത നീക്കം.
ഡോ. പ്രവീൺ റാണ എന്ന പ്രവീൺ കെ.പി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സേഫ് ആന്‍റ് സ്ട്രോങ് നിധി കമ്പനിക്ക് കേന്ദ്ര സർക്കാരിന്‍റെ പിടി വീണതോടെയാണ് നിക്ഷേപത്തിന്റെ തന്ത്രം മാറ്റിപ്പിടിച്ചത്. മോഹന വാഗ്ദാനങ്ങൾ മുന്നോട്ടുവച്ച് സേഫ് ആന്‍റ് സ്ട്രോങ് കൾസൾട്ടൻസി ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനമുണ്ടാക്കി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 3,250 രൂപ റിട്ടേൺ നൽകും. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. അതായത് 39 ശതമാനം പലിശ. പത്തുലക്ഷം നിക്ഷേപിച്ച ചിലർക്ക് നാലു ലക്ഷത്തിന് മുകളിൽ വരെ പ്രതിവർഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ മയങ്ങിയാണ് പലരും പണവുമായെത്തിയത്
എന്നാൽ സ്ഥിര നിക്ഷേപമായിട്ടല്ല ഈ പണം സ്വീകരിക്കുന്നത്. സേഫ് ആന്‍റ് സ്ട്രോങ് കൺസൾട്ടൻസി സ്ഥാപനത്തിന്‍റെ ഫ്രാഞ്ചൈസിയെന്ന നിലയിലാണ് നിക്ഷേപകനുമായി കരാർ ഒപ്പിടുന്നത്. നിയമത്തിന്‍റെ കണ്ണുകെട്ടാൻ പലിശയ്ക്കു പകരം പ്രതിമാസ സ്റ്റൈപ്പെന്റ് എന്ന ഓമനപ്പേര്. എന്നാൽ ഈ മാസത്തുക പോലും മുടങ്ങി തുടങ്ങിയതോടെയാണ് നിക്ഷേപകർ രംഗത്തെത്തി തുടങ്ങിയത്. മോഹന വാഗ്ദാനം വിശ്വസിച്ചെത്തിയവർ ഉപാധികൾ എന്ന നിലിയിൽ നിക്ഷേപകന് മുന്നിൽ കമ്പനി വച്ച കെണികൾ കണ്ടില്ല. ഫ്രാഞ്ചൈസിയായി നിക്ഷേപം നടത്തേണ്ടത് അഞ്ച് വർഷത്തേക്കാണ് അതിനു മുമ്പ് പണം പിൻവലിച്ചാൽ അധോഗതി.
കോടികൾ പിരിച്ചെടുക്കുന്നത് സാധാരണ ജനങ്ങൾക്കാവശ്യമായ പ്രോജക്ടുകൾ ഒരുക്കുന്നതിനായാണെന്നാണ് പ്രവീൺ റാണയുടെ വിശദീകരണം. അതേസമയം, ഫ്രാഞ്ചൈസി എന്ന പേരിൽ പണം സ്വീകരിച്ചിരിക്കുന്നതിനാൽ നിക്ഷേപകന് ഭാവിയിൽ ബാങ്കിങ് നിയമങ്ങളുടെ യാതൊരു പരിരക്ഷയുമുണ്ടാകില്ല. പോപ്പുലർ ഫിനാൻസ്, ഹിമാലയ, ടോട്ടൽ ഫോർ യു തുടങ്ങി നിരവധി സാമ്പത്തിക സ്ഥാപനങ്ങളുടെ തട്ടിപ്പിന്റെ ചരിത്രം മലയാളികൾക്ക് മുന്നിലുണ്ട്. എന്നിട്ടും മോഹന വാഗ്ദാനങ്ങളുമായി എത്തുന്ന തട്ടിപ്പുകാർക്ക് തലവച്ചു കൊടുക്കുകയാണ് പലരും. ഇത്തരം നിക്ഷേപ പദ്ധതികളിൽ ചേരുമ്പോൾ അത് യുക്തിസഹമാണോ എന്ന് പോലും ചിന്തിക്കാൻ മറക്കുന്നു.
