വരുമാനം വർധിച്ചിട്ടും കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇതിന്റെ ഭാഗമായി ചെലവ് ചുരുക്കാനും സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികൾ ഒഴിവാക്കാനും ധനവകുപ്പ് മറ്റ് വകുപ്പുകൾക്ക് കർശന നിർദേശം നൽകി. പുതിയ ബജറ്റിനായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ഈ സർക്കുലർ.

തിരുവനന്തപുരം: സമ്പദ്വവ്യവസ്ഥയെ ഉത്തേജിപ്പിച്ച്, ഇപ്പോൾ പൂച്ച പെറ്റുകിടക്കുന്ന കേരളത്തിന്റെ ഖജനാവ് നമ്മൾ പണം കൊണ്ട് നിറക്കും.. ഒരു ഗവൺമെന്റിന്റെ ആദ്യത്തെ ഡ്യൂട്ടി പണമുണ്ടാക്കുക എന്നതാണ്, വരുമാനമുണ്ടാക്കുക എന്നതാണ്’…. കേരള മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ നേരത്തെ പറഞ്ഞ വാക്കുകളാണിത്. എന്നാൽ, സംസ്ഥാനത്ത് വരുമാനം കൂടിയിട്ടും സാമ്പത്തിക പ്രതിസന്ധി. ചെലവ് കൂട്ടരുതെന്ന് വകുപ്പുകളോട് ധനവകുപ്പ് നിർദേശം നൽകിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ചെലവ് കൂട്ടരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിൽ കവിയരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

YouTube video player

അടുത്ത ബജറ്റ് മുന്നൊരുക്കത്തിനുള്ള സര്‍ക്കുലറിലാണ് നിർദേശം. സാമ്പത്തിക ലാഭമില്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി മാറ്റിവയ്ക്കണം. അധികം വരുന്ന ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നും പുതുതായി വരുന്ന ഒഴിവുകളിലേയ്ക്ക് നിയമിക്കാമെന്നും പറയുന്നു. ശമ്പള ചെലവ് കൃത്യമായി കണക്കാക്കണം. ചെലവിൽ മു‍ൻവര്‍ഷത്തെക്കാള്‍ കൂടുതലെങ്കിൽ കാരണം വിശദീകരിക്കണമെന്നും പറയുന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിൽ റവന്യൂ വരുമാനം 33311.21 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെക്കാള്‍ കൂടിയെങ്കിലും ചെലവും കടമെടുപ്പും കൂടി. ഭരണം മാറിയെങ്കിലും ഖജനാവിൽ പണം നിറഞ്ഞു തുടങ്ങിയില്ല. ഈ സാഹചര്യത്തിലാണ് ഞെരുക്കം പറഞ്ഞ് മുണ്ടു മുറുക്കാനും അടുത്ത സാമ്പത്തിക വര്‍ഷത്തിലും കണക്കു കൂട്ടി നീങ്ങാനും വകുപ്പുകള്‍ക്ക് ധനവകുപ്പിന്‍റെ സര്‍ക്കുലര്‍. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റ് എസ്റ്റിമേറ്റ് യാഥാര്‍ഥ്യ ബോധത്തോടെ തയ്യാറാക്കണമെന്നും പറയുന്നു. ചെലവ് കൃത്യമായി കണക്കാക്കണമെന്നും മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുള്ള വ്യത്യാസത്തിന് കാരണം വ്യക്തമാക്കണമെന്നും പറയുന്നു.

നികുതി, നികുതിയേതര കുടിശ്ശിക, അതിനുള്ള കാരണം, പിരിച്ചെടുക്കാൻ എടുത്ത നടപടികള്‍ എന്നിവ അറിയിക്കണം. ശമ്പളം ഒഴികെയുള്ള പദ്ധതിയേതര ചെലവ് മുൻ വര്‍ഷത്തിൽ നിന്ന് കൂടരുത്. പദ്ധതികളെ വകുപ്പ് മേധാവികള്‍ വിമര്‍ശനാത്മകമായി വിലയിരുത്തണം. താൽക്കാലിക ജീവനക്കാരെ നിലനിര്‍ത്തണോയെന്ന് വകുപ്പുകള്‍ പരിശോധിക്കണമെന്നും പറയുന്നു.

ശമ്പളത്തിനായുള്ള തുക, തസ്തികകളുടെയും ജീവനക്കാരുടെയും എണ്ണം , മുന്‍ വര്‍ഷത്തെക്കാള്‍ വ്യത്യാസം വന്നതിന്‍റെ കാരണം, യുജിസി ഉള്‍പ്പടെ സ്കെയിൽ വാങ്ങുന്ന ജീവനക്കാരുടെ പട്ടിക എന്നിവയും ധനവകുപ്പ് ചോദിച്ചിട്ടുണ്ട് . സെപ്തംബര്‍ 20ന് മുമ്പ് അടുത്ത ബജറ്റിനുള്ള എസ്റ്റിമേറ്റ് നൽകാനാണ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറഞ്ഞിരുന്നു. തുടര്‍ന്ന് സാമ്പത്തിക സ്ഥിതി വെളിപ്പെടുത്താന്‍ ധവള പത്രവും പുറത്തിറക്കി. അമിതമായ കടമെടുപ്പെന്ന് മുന്‍ സര്‍ക്കാറിനെ വിമര്‍ശിച്ച സതീശന്‍ സര്‍ക്കാര്‍, ഇതുവരെ നാല് തവണയായി പതിനായിരത്തോളം കോടി രൂപ വായ്പയെടുത്തു.