കുട്ടികളുടെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് 'Let's Talk, Let's Listen, Let's Support' എന്ന പേരിൽ മാസാചരണ ക്യാമ്പയിൻ ആരംഭിച്ചു. കുട്ടികൾക്ക് തുറന്നുസംസാരിക്കാൻ സുരക്ഷിതമായ ഇടങ്ങൾ ഒരുക്കേണ്ടത് സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

തിരുവനന്തപുരം: കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ അതിതീവ്രമായ മാനസിക വേദന തിരിച്ചറിയാൻ കുടുംബവും വിദ്യാലയവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിതാ-ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'Let's Talk, Let's Listen, Let's Support' മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ 10ന് ആരംഭിച്ച ക്യാമ്പയിൻ ഒക്ടോബർ 10 വരെ തുടരും.

കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിയുകയും അവരെ കുറ്റപ്പെടുത്താതെ കേൾക്കുകയും വേണം. കുട്ടികൾക്ക് തുറന്നുസംസാരിക്കാനും സഹായം തേടാനും സുരക്ഷിതമായ ഇടങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഒരുക്കണം. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക-സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നത് കുടുംബത്തിന്റെയോ സർക്കാരിന്റെയോ മാത്രം ചുമതലയല്ലെന്നും സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

പഠനസമ്മർദം, പരീക്ഷാപരാജയം, കുടുംബപ്രശ്‌നങ്ങൾ, അമിതമായ രക്ഷാകർതൃ പ്രതീക്ഷകൾ, ബന്ധങ്ങളിലെ പ്രതിസന്ധികൾ, ഏകാന്തത, സൈബർ ബുള്ളിയിങ്, അമിതമായ സാമൂഹികമാധ്യമ ഉപയോഗം, ഓൺലൈൻ ഗെയിമിങ് തുടങ്ങിയവ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വകുപ്പ് വിലയിരുത്തുന്നു.

കുട്ടികളുടെ പെരുമാറ്റത്തിലും വികാരങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ തിരിച്ചറിയുക, അവരെ വിധിക്കാതെ കേൾക്കുക, ആവശ്യമായ മാനസിക പിന്തുണ ലഭ്യമാക്കുക, വിദഗ്ധ സേവനങ്ങളിലേക്ക് റഫർ ചെയ്യുക, തുടർപിന്തുണ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. വനിതാ-ശിശു വികസന വകുപ്പിന്റെ Our Responsibility to Children (ORC) പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളുടെ സാമൂഹിക-വൈകാരിക ക്ഷേമത്തിനായി ജീവിതനൈപുണ്യ വികസനം, അധ്യാപക പരിശീലനം, ബോധവത്കരണം, വിദഗ്ധ സേവനങ്ങളിലേക്കുള്ള റഫറൽ എന്നിവ ORC വഴി നടപ്പാക്കിവരുന്നു. എല്ലാ ജില്ലകളിലുമുള്ള District Resource Centres (DRCs) മുഖേന വിലയിരുത്തൽ, കൗൺസലിങ്, റഫറൽ, തുടർപിന്തുണ തുടങ്ങിയ സേവനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.

ജീവിതനൈപുണ്യ വികസനം, വിദ്യാലയക്ഷേമം, രക്ഷാകർതൃ പങ്കാളിത്തം, സാമൂഹിക പങ്കാളിത്തം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ക്യാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. അധ്യാപകർ, ORC നോഡൽ അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസലർമാർ, രക്ഷിതാക്കൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ, പോലീസ്, ശിശുസംരക്ഷണ സംവിധാനങ്ങൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കും.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ പ്രശാന്ത് ഹോട്ടലിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കുമായി പരിശീലനവും സംഘടിപ്പിച്ചു. ORC പ്രോഗ്രാം ഓഫീസർ ഹഫ്‌സീന എം.കെ. ക്യാമ്പയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു. വനിതാ-ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി സ്വാഗതം ആശംസിച്ചു. അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. അനിൽകുമാർ ടി.വി., തിരുവനന്തപുരം ഗവ. മെന്റൽ ഹെൽത്ത് സെന്റർ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഡോക്ടർ ബിജി വി, കാവൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീനേഷ് എസ് അനിൽ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ORC, സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി, ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ, ചൈൽഡ് ഹെൽപ് ലൈൻ, സ്‌കൂൾ കൗൺസലർമാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രോഗ്രാം മാനേജർ കൃഷ്ണമൂർത്തി കെ. നന്ദി രേഖപ്പെടുത്തി.