ശമ്പള വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ എല്ലാ മാസവും അനുവദിക്കാറുണ്ട്. എന്നാല്‍ ഈ മാസം ഇതുവരെ ഇതിനുള്ള നടപടികളായിട്ടില്ല. പ്രളയത്തെത്തുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ വരുമാനത്തില്‍ 15 കോടിയോളം ഇടിവുണ്ടായി.  

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണം ഈ മാസവും പ്രതിസന്ധിയിലായി. കഴിഞ്ഞമാസം 192 കോടി രൂപ വരുമാനം കിട്ടിയെങ്കിലും ശമ്പളം കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയാണുള്ളത്. അടിയന്തരസഹായം വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. ശമ്പള വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 20 കോടി രൂപ എല്ലാ മാസവും അനുവദിക്കാറുണ്ട്. എന്നാല്‍ ഈ മാസം ഇതുവരെ ഇതിനുള്ള നടപടികളായിട്ടില്ല. പ്രളയത്തെത്തുടര്‍ന്ന് ഓഗസ്റ്റ് മാസത്തില്‍ വരുമാനത്തില്‍ 15 കോടിയോളം ഇടിവുണ്ടായി. 

എന്നാല്‍ സെപ്റ്റംബറില്‍ വരുമാനം 192 കോടിയെത്തി. എന്നാല്‍ കഴിഞ്ഞ മാസത്തെ ശമ്പള വിതരണത്തിലെ ബാധ്യതയും ,സ്പെയര്‍ പാര്‍ട്സിനും , ഇന്ധനത്തിനുള്ള ചെലവും കഴിച്ച് കാര്യമായ നീക്കിയിരുപ്പില്ല. ഇതാണ് ശമ്പളം മുടങ്ങാന്‍ കാരണം. ശമ്പളവിതരണത്തിനുളള സഹായത്തിനു പുറമേ, 50 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം 2500 ഓളം താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ പ്രതിദിനം 1500 സര്‍വ്വീസുകള്‍ മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഇതോടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്നാണ് വിലയിരുത്തല്‍.