പ്രൈവറ്റ് കമ്പനി ആയി രജിസ്റ്റർ ചെയ്ത ബാങ്കിന്റെ അനുബന്ധ സ്ഥാപനം അമൃത ഗോതമ്പ് സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനത്തിന് കോടിക്കണക്കിന് രൂപ നൽകിയതാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. 

പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിൽ (mylapra service cooperative bank) സാമ്പത്തിക പ്രതിസന്ധി. 123 കോടി രൂപ നിക്ഷേപമുള്ള ബാങ്കിൽ ഇടപാടുകാർക്ക് പണം മടക്കിനൽകാൻ കഴിയുന്നില്ല. ജില്ലയിൽ ഏറ്റവും അധികം നിക്ഷേപമുള്ള ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്കുകളിലൊന്നാണ് മൈലപ്ര സർവീസ് സഹകരണ ബാങ്ക്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ബാങ്കിന്റെ പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. 

പ്രൈവറ്റ് കമ്പനി ആയി രജിസ്റ്റർ ചെയ്ത ബാങ്കിന്റെ അനുബന്ധ സ്ഥാപനം അമൃത ഗോതമ്പ് സംസ്കരണ ഫാക്ടറിയുടെ പ്രവർത്തനത്തിന് കോടിക്കണക്കിന് രൂപ നൽകിയതാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടാകാൻ കാരണമെന്നാണ് ജീവനക്കാർ പറയുന്നത്. ഫാക്ടറിയുടെ പ്രവ‍ർത്തനം നിർജീവമായതോടെ പ്രതിസന്ധി രൂക്ഷമായി. സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ നടപടി വേണമെന്ന് ജീവനക്കാർ പല തവണ ഭരണസമിതിയോട് പറഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ ജീവനക്കാര്‍ പരസ്യമായി സമരം തുടങ്ങി.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരുടെ പിഎഫ് തുകയിൽ നിന്ന് വരെ ഭരണ സമിതി പണം പിൻവലിച്ചെന്നാണ് ആരോപണം. എന്നാൽ പ്രതിസന്ധിയില്ലെന്നും ബാങ്കിനെ തകർക്കാനുള്ള ചിലരുടെ ശ്രമങ്ങാളാണ് പ്രചാരണങ്ങൾക്ക് പിന്നിലെന്നുമാണ് ഭരണസമിതിയുടെ വിശദീകരണം. സിപിഎം ഏരിയ കമ്മിറ്റി അംഗം ജെറി ഈശോ ഉമ്മൻ പ്രസിഡന്റും സഹകരണ ജീവനക്കാരുടെ കോൺഗ്രസ് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു സെക്രട്ടറിയുമായ ബാങ്കിലെ പ്രതിസന്ധിയിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടുന്നില്ലെന്നും ആരോപണമുണ്ട്.

YouTube video player