രണ്ട് മാസത്തെ ക്ഷേമ പെൻഷൻ, എല്ലാവര്‍ക്കും ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുതൽ കെഎസ്ആര്‍ടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15000 കോടി രൂപയാണ്.

തിരുവനന്തപുരം: ഓണാഘോഷം തീര്‍ന്നതിന് പിന്നാലെ ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുമെന്ന അവസ്ഥയിൽ സംസ്ഥാന ഖജനാവ്. കടമെടുപ്പ് സാധ്യതകളെല്ലാം ഉപയോഗപ്പെടുത്തിയതിനാൽ കേരളം ട്രഷറി നിയന്ത്രണത്തിന്‍റെ വക്കിലാണ്. രണ്ട് മാസത്തെ ക്ഷേമ പെൻഷൻ, എല്ലാവര്‍ക്കും ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങൾ മുതൽ കെഎസ്ആര്‍ടിസിയുടെ അത്യാവശ്യത്തിന് വരെ തുക കണ്ടെത്തേണ്ടി വന്ന കേരളം ഓണക്കാലത്ത് ചെലവിട്ടത് 15000 കോടി രൂപയാണ്.
കഴിഞ്ഞ വര്‍ഷത്തേക്കാൾ 6500 കോടി രൂപ അധികം. 

ഇതിനൊപ്പം വിവിധ വകുപ്പുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങൾക്ക് പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ കണ്ടെത്തേണ്ടി വന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയെന്നാണ് ധനവകുപ്പിന്‍റെ വിലയിരുത്തൽ. സാമ്പത്തിക വര്‍ഷം അഞ്ച് മാസം പിന്നിടുമ്പോൾ നിശ്ചയിച്ച 43 ശതമാനത്തിന് പകരം നൂറ് ശതമാനം ചെലവിട്ട വകുപ്പുകളുമുണ്ട് കൂട്ടത്തിൽ. ഇക്കാര്യത്തിൽ നിയന്ത്രണവും ആലോചിക്കുന്നു. കേന്ദ്രത്തിൽ നിന്ന് ധനക്കമ്മി നികത്തൽ ഗ്രാന്‍റും ജിഎസ്ടി നഷ്ടപരിഹാരവും കിട്ടിയില്ല. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇതുവഴി മാത്രം 23000 കോടിരൂപയുടെ ബാധ്യത സംസ്ഥാന ഖജനാവിനുണ്ടായി. 

റിസര്‍വ് ബാങ്കിൽ നിന്ന് എടുക്കാവുന്ന വെയ്സ് ആന്‍റ് മീൽസ് പരിധിയും തീര്‍ന്നാണ് ഖജനാവ് ഓവര്‍ഡ്രാഫ്റ്റ് പരിധിയിലേക്ക് എത്തുന്നത്. ഇതിനെല്ലാം പുറമെ 2012 ലെ കടപത്ര മുതലും തിരിച്ചടക്കേണ്ടത് ഈ വര്‍ഷമാണ്. പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ ട്രഷറി നിയന്ത്രണത്തിനും സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പ്, ചികിത്സാ സഹായം, മരുന്ന് വാങ്ങൽ ശമ്പളം പെൻഷൻ തുടങ്ങി അത്യാവശ്യ നിത്യ ചെലവുകൾക്ക് ഒഴികെ നിയന്ത്രണം വന്നേക്കും.

കെ ഫോണില്‍ മറിഞ്ഞത് കോടികള്‍, ഉപകരാറുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി, ഓഫീസ് പൂട്ടിക്കെട്ടി കമ്പനി

കെ ഫോൺ പദ്ധതിക്ക് വേണ്ടി സംസ്ഥാനത്ത് ഉടനീളം കേബിൾ ശൃംഖല സ്ഥാപിക്കാൻ നൽകിയ കരാറുകളിലും മറിഞ്ഞത് കോടികൾ. ഒപ്റ്റിക്കൽ ഫൈബര്‍ കേബിൾ വലിക്കാൻ നൽകിയ ഉപകരാറുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ കമ്പനി സംസ്ഥാനത്തെ ഓഫീസ് തന്നെ പൂട്ടിക്കെട്ടി. കിലോമീറ്ററിന് കൂടിയ തുകയ്ക്ക് ഏറ്റെടുത്ത പണി കുറഞ്ഞ തുകയ്ക്ക് ഉപകരാര്‍ നൽകിയെന്ന് മാത്രമല്ല, കരാര്‍ റദ്ദാക്കുന്നതിന് മുൻപ് കുടിശിക തീര്‍ക്കാൻ പോലും തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്.

ഭാരത് ഇലട്രോണിക്സും എസ്ആര്‍ഐടിയും റെയിൽ ടെൽ കോര്‍പ്പറേഷനും എൽഎസ് കേബിളും അടങ്ങുന്ന നാല് കമ്പനികളുടെ കൺസോഷ്യത്തിനായിരുന്നു സംസ്ഥാനത്തെ കെ ഫോണിന്‍റെ നടത്തിപ്പ് ചുമതല. പദ്ധതി രേഖ അനുസരിച്ച് 35000 കിലോമീറ്ററിൽ കേബിൾ ശൃംഖല വേണം, ചെലവ് 1611 കോടി. അതായത് ഒരു മീറ്റര്‍ കെ ഫോൺ നെറ്റ്‍വര്‍ക്ക് സ്ഥാപിക്കുന്നത് 47 രൂപ നിരക്കിൽ. പ്രാഥമിക പ്രവര്‍ത്തനങ്ങൾക്ക് റെയിൽവെയര് അടക്കം ഏഴ് കമ്പനികൾക്ക് ഉപകരാര്‍ നൽകി. വിവിധ സ്ഥാപനങ്ങൾക്ക് റെയിൽവെയര്‍ വീണ്ടും കരാര്‍ നൽകിയതാകട്ടെ മീറ്ററിന് 16 നിരക്കിലും. സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയിൽ കണ്ണുവച്ച് ആദ്യഘട്ട പണി ഏറ്റെടുത്ത കരാറുകാരിൽ ഒരാളാണ് കരമന സ്വദേശി അരുൺ.

കരാര്‍ അനുസരിച്ച് കിട്ടിയ 15000 കിലോമീറ്ററിൽ 4000 പൂര്‍ത്തിയാക്കി. തൊട്ട് പിന്നാലെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയെന്ന് മെയിൽ വന്നു. പ്രത്യേകിച്ച് കാരണം ഇല്ല ,കിട്ടാനുള്ള ലക്ഷങ്ങളുടെ കുടിശികയുമില്ലെന്ന് മലപ്പുറം സ്വദേശി പ്രസൂൺ പറഞ്ഞു. റെയിൽവെയര്‍ ഉപകരാറുകാരെ എല്ലാം ഒഴിവാക്കിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അങ്ങിങ്ങ് ഇറക്കിയ കേബിളടക്കം അനുബന്ധ സാമഗ്രികളെല്ലാം കാടെടുത്ത് നശിക്കുകയാണ്. മെക്സിയോൺ എന്ന കമ്പനിക്കാണ് കേബിളിംഗ് ജോലികളുടെ പുതിയ കരാര്‍. അത് മീറ്ററിന് ഏഴ് രൂപ നിരക്കിനെന്നാണ് രേഖ.