സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും, ധനവകുപ്പ് ഉത്തരവിറക്കി
സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, പുതിയ വാഹനങ്ങൾ വാങ്ങൽ, ഫർണീച്ചർ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണം ഒരു വർഷം കൂടി നീട്ടിയെന്നാണ് ഉത്തരവില്‍ പറയുന്നത്.

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ചെലവുകൾക്ക് ഏർപ്പെടുത്തിയ കർശന നിയന്ത്രണം ഒരു വർഷത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സർക്കാർ കെട്ടിടങ്ങളുടെ മോടി പിടിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങളിലും ഓഫീസുകളിലും ഫർണിച്ചർ വാങ്ങൽ, പുതിയ വാഹനങ്ങൾ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണം ഒരു വർഷം കൂടി നീട്ടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാളാണ് ഉത്തരവ് ഇറക്കിയത്. സർവ്വകലാശാല, പി.എസ്.സി എന്നിവയ്ക്കും നിയന്ത്രണങ്ങൾ ബാധകമാണ്.