അടൂരിൽ പ്രളയരക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരിൽ ചുമത്തിയ 50,000 രൂപ പിഴ ഹൈക്കോടതി അഭിഭാഷകർ കൈമാറി. വാഹന ഉടമകൾക്ക് പിന്തുണയുമായി നിന്ന ആറന്മുള എംഎൽഎ അബിൻ വർക്കി, വിഷയത്തിൽ തൻ്റെ നിലപാട് ആവർത്തിക്കുകയും ചെയ്തു.

പത്തനംതിട്ട: അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്‍റെ പേരില്‍ ചുമത്തിയ പിഴയായ 50,000 രൂപ നൽകി ഹൈക്കോടതി അഭിഭാഷകർ. പ്രളയ രക്ഷാപ്രവർത്തനത്തിന് പോയ ജീപ്പിന് പിഴയിട്ട 50,000 രൂപ ഹൈക്കോടതി അഭിഭാഷക സുഹൃത്തുക്കൾ നൽകും എന്ന് അറിയിച്ചിരുന്നു. അഡ്വ. അരുൺ എസ് നായർ അത് പ്രിയപ്പെട്ട അമലിനും ആർദ്രയ്ക്കും കൈമാറിയെന്ന് ആറന്മുള എംഎൽഎ അബിൻ വർക്കി അറിയിച്ചു. അടൂരില്‍ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പോയ ഓഫ് റോഡ് വാഹനത്തിന് മോഡിഫിക്കേഷന്റെ പേരില്‍ എംവിഡി പിഴയിട്ടതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ആറന്മുള എംഎല്‍എ അബിന്‍ വര്‍ക്കി നേരത്തെ രംഗത്ത് വന്നിരുന്നു.

നേരത്തെ ജീപ്പിന് പിഴയിട്ടതിനെതിരെ എംഎല്‍എ രംഗത്തുവരികയും, പിന്നാലെ വാഹനത്തിന് പിഴയിട്ട എംവിഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമെടുത്തിരുന്നു. എന്നാല്‍, ഹൈക്കോടതി വാഹനത്തിന് കൂടുതല്‍ പിഴയിടാന്‍ ഉത്തരവിട്ടതോടെ അബിന്‍ വര്‍ക്കിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആറന്മുളയിൽ വെള്ളം കയറിയപ്പോ ആറന്മുളക്കാരെ രക്ഷിക്കാൻ ആറന്മുളയിലെ ചെറുപ്പക്കാർ വണ്ടിയുമായി വന്നിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കാൻ ആറന്മുളയുടെ ജനപ്രതിനിധിയായ ഞാൻ ഉണ്ടാകും. അതിനി സാമൂഹ്യ മാധ്യമങ്ങളിൽ ഏതവൻ വിമർശിച്ചാലുമെന്ന് അബിൻ വർക്കി വ്യക്തമാക്കി.

ആറന്മുള കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുങ്ങി കിടന്നപ്പോള്‍ ജനങ്ങളെ രക്ഷിക്കാന്‍ സ്വയം സന്നദ്ധരായി ഇറങ്ങിയവരാണ് വാഹന ഉടമയായ അമലും ഭാര്യ ആര്‍ദ്രയും എന്ന് എംഎല്‍എ പറഞ്ഞു. അവരുടെ കയ്യില്‍ ഉണ്ടായിരുന്ന ജീപ്പില്‍ ഒട്ടേറെ ആളുകളെ ആറന്മുള ക്ഷേത്ര പരിസരത്തു നിന്ന് രക്ഷിച്ചു. ജില്ലയില്‍ വെള്ളം കയറാത്ത, ജനങ്ങള്‍ക്ക് എത്തി ചേരാന്‍ പറ്റുന്ന ഒരേയൊരു ടൗണ്‍ അടൂര്‍ ആയിരുന്നു. അമലും ആര്‍ദ്രയും അവിടെ സാധനങ്ങള്‍ മേടിക്കാന്‍ വേണ്ടി പോയപ്പോള്‍ എംവിഡി അയാളുടെ വണ്ടി ചെക്ക് ചെയ്യുന്നു. പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആറന്‍മുളക്കാരന്‍ ആയ ഒരാള്‍ക്ക് പ്രശ്‌നമുണ്ടായാല്‍ അത് നോക്കേണ്ടത് ആറന്മുളയുടെ ജനപ്രതിനിധിയുടെ കടമയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നുവെന്നും അബിൻ വർക്കി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.