ഹൈദരാബാദിൽ വിരമിച്ച ഗസറ്റഡ് ഓഫീസറെ ഡിജിറ്റൽ അറസ്റ്റിലാക്കിയെന്ന് വിശ്വസിപ്പിച്ച് 85 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം കേരളത്തിലേക്ക്. തട്ടിപ്പിനിരയായ വ്യക്തിയുടെ പണം എറണാകുളം, അരൂർ സ്വദേശികളായ മൂന്ന് പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് കണ്ടെത്തി. ഇവർക്ക് ഹൈദരാബാദ് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
അരൂർ: വിരമിച്ച ഗസറ്റഡ് ഓഫീസറെ ഡിജിറ്റൽ അറസ്റ്റിലാക്കിയെന്ന് വിശ്വസിപ്പിച്ച് 85 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം കേരളത്തിലേക്കും. തട്ടിപ്പിനിരയായ ഹൈദരാബാദ് സ്വദേശിയുടെ പണം മലയാളികളായ മൂന്ന് പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അരൂർ എഴുപുന്ന സ്വദേശി നന്ദകുമാർ, എറണാകുളം മൂലങ്കുഴി സ്വദേശി വൈശാഖ്, വൈശാഖിന്‍റെ ബന്ധു ആലീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നാണ് കണ്ടെത്തൽ.
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഹൈദരാബാദ് പൊലീസിന് ലഭിച്ചത്. തുടർന്ന് മൂവരോടും ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നൽകി. കേരള പൊലീസിന്റെ സഹായത്തോടെയാണ് നോട്ടീസ് കൈമാറിയത്. ഹൈദരാബാദ് സ്വദേശിയായ റിട്ട. ഗസറ്റഡ് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തട്ടിപ്പിൽ ഇവരുടെ പങ്ക് സംബന്ധിച്ചും പണം അക്കൗണ്ടുകളിലേക്ക് എത്തിയതിന്റെ സാഹചര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


