Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനം; പ്രശംസയുമായി ഫിന്‍ലന്‍ഡ് മന്ത്രി

കേരളം വിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രധാന്യവും ഇവിടുത്തെ ബോധന സമ്പ്രദായവും അഭിനന്ദനാര്‍ഹമാണെന്ന് മന്ത്രി അന്ന മജ.

finland education minister says about kerala schools joy
Author
First Published Oct 18, 2023, 7:38 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തന മികവ് അഭിനന്ദനാര്‍ഹമാണെന്ന് ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെന്റിക്‌സണ്‍. വിദ്യാര്‍ഥികളുടെ സൃഷ്ടിപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതില്‍ സംസ്ഥാനത്തെ അധ്യാപകര്‍ ശ്രദ്ധാലുക്കളാണെന്നും മന്ത്രി പറഞ്ഞു. 

ഇന്ത്യയില്‍ ആദ്യമായാണ് ഒരു വിദ്യാലയത്തില്‍ താന്‍ സന്ദര്‍ശനത്തിനെത്തുന്നതെന്നു പറഞ്ഞാണ് തൈക്കാട് എല്‍.പി. സ്‌കൂളില്‍ അധ്യാപകരുമായി നടത്തിയ ആശയ വിനിമയം ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി ആരംഭിച്ചത്. കേരളം വിദ്യാഭ്യാസത്തിനു നല്‍കുന്ന പ്രധാന്യവും ഇവിടുത്തെ ബോധന സമ്പ്രദായവും അഭിനന്ദനാര്‍ഹമാണ്. കുട്ടിക്കാലം മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്ന രീതിയാണു ഫിന്‍ലന്‍ഡ് സ്വീകരിച്ചുവരുന്നത്. കേരളത്തില്‍ താന്‍ സന്ദര്‍ശിച്ച ആദ്യ സ്‌കൂളിലെ ക്ലാസ് മുറികളെല്ലാം കുട്ടികളുടെ കലാസൃഷ്ടികളാല്‍ മനോഹരമാണ്. സൃഷ്ടിപരമായ കഴിവുകള്‍ക്ക് വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകരുടെ രീതിയും ശ്രദ്ധേയമാണെന്നും അവര്‍ പറഞ്ഞു.

അധ്യാപക പഠനത്തിന് എത്തിയിരിക്കുന്ന ബഹുഭൂരിപക്ഷം പേരും വനിതകളാണെന്നത് ഏറെ സന്തോഷകരമാണെന്നു കോട്ടണ്‍ ഹില്‍ പ്രീപ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുമായി നടത്തിയ ആശയവിനിമയത്തില്‍ അന്ന മജ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെയും കുട്ടികളുടേയും ഭാഗമായി ജീവിക്കുകയെന്ന സുപ്രധാന ദൗത്യമാണ് അധ്യാപകര്‍ നിര്‍വഹിക്കുന്നത്. ഏതൊരു രാജ്യത്തിന്റെയും ഭാവിയുടെ നിര്‍ണായക ഭാഗമാണ് അവിടുത്തെ അധ്യാപകര്‍. മികച്ച അധ്യാപകരാണു മികച്ച തലമുറയെ സൃഷ്ടിക്കുന്നത്. മൂല്യനിര്‍ണയത്തെ അടിസ്ഥാനപ്പെടുത്തിയല്ല ഫിന്‍ലന്‍ഡിലെ വിദ്യാഭ്യാസ രീതി. താഴ്ന്ന ക്ലാസുകളില്‍ മൂല്യനിര്‍ണയ സമ്പ്രദായം ഇല്ലാത്തതുകൊണ്ടുതന്നെ അധ്യാപകരെ പൂര്‍ണമായി വിശ്വസിച്ചാണ് അവിടുത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖല നിലനില്‍ക്കുന്നത്. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഫീസില്ലാതെ പഠിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. സാര്‍വത്രിക വിദ്യാഭ്യാസം സൗജന്യമായിരിക്കുന്ന കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തേയും ഫിന്‍ലന്‍ഡ് വിദ്യാഭ്യാസ മന്ത്രി പ്രശംസിച്ചു.

രാവിലെ വിമാനത്താവളത്തിലെത്തിയ സംഘത്തെ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സംഘം നാളെ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രിയുമായി ചര്‍ച്ച നടത്തും. ഫിന്‍ലന്‍ഡിലെ വിദഗ്ധ സംഘം മുമ്പ് കേരളം സന്ദര്‍ശിക്കുകയും പൊതു വിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക ശാക്തീകരണം, പ്രീ-പ്രൈമറി വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, ഗണിതശാസ്ത്ര പഠനം, വിലയിരുത്തല്‍ സമീപനം, ഗവേഷണാത്മക പഠനം എന്നീ വിഷയങ്ങളെ സംബന്ധിച്ച് പ്രാഥമികമായി ചര്‍ച്ച നടത്തുകയും വിവിധ മേഖലകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കൈമാറുന്നതിന് വര്‍ക്കിങ് ഗ്രൂപ്പുകള്‍ ചേരുകയും ചെയ്തിരുന്നു. 

യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം: വിഡി സതീശൻ ഒന്നാം പ്രതി; മൂവായിരം പേർക്കെതിരെ പൊലീസ് കേസ് 
 

 

Follow Us:
Download App:
  • android
  • ios