കോഴിക്കോട്: കോഴിക്കോട് കോട്ടൂളിയിൽ അപ്പോളോ ജ്വല്ലറി ഷോറൂമിൽ വൻ തീപിടുത്തം. ആഭരണ നിര്‍മ്മാണമടക്കം നടക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് നിലകളുള്ള ജ്വല്ലറിക്കകത്ത് കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്തി. എന്നാല്‍ കൂടുതൽ ആളുകള്‍ ഉള്ളില്‍ കുടങ്ങിക്കിടക്കുന്നതായി സംശയമുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തിൽ ഫയര്‍ ഫോഴ്സ് വ്യക്തത നൽകി. നിലവിൽ ജ്വല്ലറിക്കുള്ളിൽ ആരും കുടുങ്ങിക്കിടപ്പില്ല. തീപിടുത്തം നിയന്ത്രണവിധേയമായെന്നും അഗ്നി ശമന യൂണിറ്റ് അംഗങ്ങൾ വ്യക്തമാക്കി. കുടുങ്ങിക്കിടന്ന നാല് പേരെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേരാണ് അപകടസമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. ഉളളിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറടക്കം മാറ്റിയതായാണ് വിവരം. തീ പൂർണ്ണമായും അണഞ്ഞു. അതേ സമയം പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന 22 ബൈക്കുകൾ, 3 കാറുകൾ, ഒരു ഓട്ടോറിക്ഷ എന്നിവ കത്തിനശിച്ചു. സ്ഥാപനത്തിനുള്ളിൽ ഉണ്ടായിരുന്ന മാലിന്യത്തിന് തീപിടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകട കാരണമെന്നും അഗ്നിശമനസേന  അംഗങ്ങള്‍ വ്യക്തമാക്കി. 

കോഴിക്കോട് ജ്വല്ലറിയിൽ തീപ്പിടുത്തം, ആളുകൾ കുടുങ്ങിക്കിടക്കുന്നു

ആഭരണങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില രാസ വസ്തുക്കള്‍ ജ്വല്ലറിയിലുണ്ടായിരുന്നു. തീ പെട്ടന്ന് പടരാൻ കാരണമായത് ഈ രാസ വസ്തുക്കളാണ്. ഇത് എടുത്ത് മാറ്റിയതായാണ് വിവരം. കഴിഞ്ഞ വര്‍ഷമായിരുന്നു ഈ കെട്ടിടത്തിന്‍റെ നി‍ര്‍മ്മാണം പൂര്‍ത്തിയായത്. വെന്‍റിലേഷന്‍ കുറച്ചുമാത്രമുള്ള കെട്ടടമായതിനാൽ പുകപുറത്ത് പോകാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.  കോഴിക്കോട് നഗരത്തില്‍ നിന്നും നാല് കിലോമീറ്ററിനുളളിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. നാല് അഗ്നിശമനസേനയൂണിറ്റെത്തിയാണ് തീയണച്ചത്.