Asianet News MalayalamAsianet News Malayalam

മരുന്ന് സംഭരണ കേന്ദ്രത്തിലെ തീപിടിത്തം: കെട്ടിടത്തിന് അംഗീകാരമില്ല, അടിമുടി വീഴ്ചയെന്ന് ഫയർ ഫോഴ്സ് മേധാവി

സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താൻ ബി സന്ധ്യ നിർദ്ദേശം നൽകി

Fire force chief B Sandhya on Thumba medical services corporation accident kgn
Author
First Published May 23, 2023, 11:01 AM IST

തിരുവനന്തപുരം: തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തം ഉണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ. സ്ഥലം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.

ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടുത്തം ഉണ്ടാകാം, ബ്ലീച്ചിങ് പൗഡറും ആൽക്കഹോളും കലർന്നാൽ തീപിടുത്തം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. സാനിറ്റിറ്റസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാകൂ. തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്ചയാണെന്നും അവർ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താൻ ബി സന്ധ്യ നിർദ്ദേശം നൽകി. അതിനിടെ തീ അണയ്ക്കുന്നതിനിടെ മരിച്ച ഫയർഫോഴ്സ് ജീവനക്കാരൻ രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്തു. ഫയർഫോഴ്സ് ആസ്ഥാനത്തും ചാക്കാ യൂണിറ്റിലും രഞ്ജിത്തിന്റെ മൃതദേഹം പൊതു ദർശനത്തിന് വെക്കും.

നേരത്തേ തീ പിടുത്തമുണ്ടായ കൊല്ലം ഉളിയക്കോവിലെ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ഗോഡൗൺ പ്രവർത്തിച്ചിരുന്നതും ഫയർഫോഴ്‌സിന്റെ എൻ.ഒ.സി ഇല്ലാതെയാണെന്ന് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. കെട്ടിടത്തിന് പുറത്ത് അലക്ഷ്യമായി ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നതാണ് തീപിടുത്തത്തിന് കാരണമെന്നാണ് ഫയർഫോഴ്സ് കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം ഈസ്റ്റ് പോലീസിന്റെ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios