കോട്ടയം: സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ മരം മുറിച്ചുമാറ്റുന്നതിനിടെ ഫയര്‍ ഫോഴ്സ് ജീവനക്കാരൻ താഴെ വീണു. മരം മുറിച്ചുമാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണ് കടുത്തുരുത്തിയിൽ നിന്നുള്ള ഫയര്‍ ഫോഴ്സ് ജീവനക്കാരൻ അഭിജിത്താണ് താഴെ വീണത്. വൻമരം വീണ് സ്കൂൾ കെട്ടിടം പാടെ തകര്‍ന്ന നിലയിലായിരുന്നു, ദ്രവിച്ച് പോയ മേൽക്കൂരക്ക് മുകളിൽ നിന്ന് മരം മുറിച്ചു മാറ്റുന്നതിനിടെയാണ് അഭിജിത്ത് അപകടത്തിൽ പെട്ടത്. 

"

കണ്ടു നിന്നവരിലെല്ലാം ഞെട്ടലുണ്ടാക്കും വിധമാണ് അപകടം ഉണ്ടായത്. വീണ ഉടനെ അഭിജിത്ത് എഴുന്നേറ്റ് നടക്കുന്നത് ദൃശ്യങ്ങളിൽ കാണാമെങ്കിലും വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയിലാണ് അഭിജിത്ത് ഇപ്പോഴുള്ളത്. ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും അഭിജിത്തിനെ മാറ്റുകയായിരുന്നു.