കണ്ണൂർ: കൊട്ടിയൂർ അമ്പായത്തോട് വനത്തിൽ കുടുങ്ങിയ 16 അംഗ തണ്ടർബോൾട്ട് സംഘത്തെയും വനപാലകരെയും സാഹസികമായി രക്ഷപ്പെടുത്തി. ബാവലി പുഴയിലെ ശക്തമായ ഒഴുക്കിനെത്തുടർന്നാണ് ഇവർ വനത്തിൽ കുടുങ്ങിയത്. കൊട്ടിയൂര്‍ വന്യജീവി സങ്കേതത്തില്‍ മാവോയിസ്റ്റുകളെ തേടിയിറങ്ങിയ സംഘം വൈകിട്ടോടെയാണ് വനത്തിൽ കുടുങ്ങിയത്. ഫയർഫോഴ്‌സിന്റെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബാവലി പുഴക്ക് കുറുകെ വടം കെട്ടി തണ്ടർബോൾട്ട് സംഘത്തെയും വനപാലകരെയും തിരിച്ചെത്തിച്ചത്.

ബാവലിപ്പുഴയിലെ ശക്തമായ ഒഴുക്ക് കാരണം ഇവർക്ക് പുഴ കടക്കാനായില്ല. നിറഞ്ഞുകവിഞ്ഞ്, കുത്തി ഒലിച്ച് ഒഴുകുന്നതിനാല്‍ പുഴ മുറിച്ച് കടക്കുന്നത് പ്രയാസമാണെന്ന് ഇവര്‍ പൊലീസിന് സന്ദേശം നല്‍കി. ഇതേത്തുടർന്ന് പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടങ്ങി. തീർത്തും സാഹസികമായിട്ടായിരുന്നു രക്ഷാപ്രവർത്തനം. 16 അംഗ തണ്ടർബോൾട്ട് സംഘത്തേയും വനപാലകരേയും ഏതാണ്ട് രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത്.  

"