തീയും പുകയും കണ്ടതോടെ ട്രെയിൻ വർക്കല ഇടവയിൽ പിടിച്ചിട്ടു.
തിരുവനന്തപുരം: മലബാർ എക്സ്പ്രസിന്റെ ലഗേജ് വാനിൽ തീപ്പിടുത്തം. പാർസൽ ബോഗിയിലാണ് തീപടർന്നത്. തിരുവനന്തപുരത്തേക്ക് വരുന്നതിനിടെ വർക്കലയ്ക്ക് സമീപത്ത് വച്ച് തീയും പുകയും കണ്ടതോടെ ട്രെയിൻ ഇടവയിൽ പിടിച്ചിട്ടു. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തീ മറ്റ് ബോഗികളിലേക്ക് പടരുന്നതിന് മുമ്പ് തീ അണയ്ക്കാനായി. അപകടം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഉടൻ തീ അണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപെട്ട ഇടവ സ്റ്റേഷനിലെ ഗേറ്റ് കീപ്പർ ആണ് ലോക്കോപൈലറ്റിനെയും സ്റ്റേഷൻ മാസ്റ്ററെയും വിവരം അറിയിച്ചത്. പിന്നാലെ ഇടവ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടു. യാത്രക്കാരെ ബോഗികളിൽ നിന്നം ഒഴിപ്പിച്ചു. ഫയർഫോഴ്സ് എത്തി അര മണിക്കൂറിനുള്ളിൽ തീ അണച്ചു. പിന്നീട് പാഴ്സൽ വാൻ മാറ്റിയ ശേഷം ട്രെയിൻ യാത്ര തുടർന്നു.
പാഴ്സൽ ബോഗിയിൽ ഉണ്ടായിരുന്ന രണ്ട് ബൈക്കുകൾ കൂട്ടിമുട്ടി തീപിടിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കാസർകോട് നിന്ന് പാഴ്സൽ ചെയ്ത ബൈക്കുകളിലെ പെട്രോൾ പൂർണമായി ഒഴിവാക്കിയിരുന്നില്ലെന്നാണ് സൂചന.
