മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ആരെങ്കിലും മയിലിനെ കറിവെക്കുമോ എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു. 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ വറുത്തരച്ച മയില്‍കറി (peacock curry) വിവാദത്തില്‍ ട്വിസ്റ്റ്. അവസാന നിമിഷം മയിലിനെ കറിവെക്കാനുള്ള തീരുമാനത്തില്‍ നിന്ന് യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ (Firoz Chuttipara) പിന്മാറി. 20000 രൂപ നല്‍കി വാങ്ങിയ മയിലിനെ പാലസിന് കൈമാറി. പകരം കോഴിക്കറി വെക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തു. മയില്‍ നമ്മുടെ ദേശീയ പക്ഷിയാണെന്നും ആരും മയിലിനെ കൊല്ലരുതെന്നും ആരെങ്കിലും മയിലിനെ കറിവെക്കുമോ എന്നും ഫിറോസ് വീഡിയോയില്‍ പറയുന്നു.

''മയിലിനെ ആരെങ്കിലും കറി വെക്കുമോ. മനുഷ്യന്‍ ആരെങ്കിലും ചെയ്യുമോ. ഇത്ര ഭംഗിയുള്ള പക്ഷിയാണത്. നമ്മള്‍ ഒരിക്കലും ചെയ്യില്ല''-ഫിറോസ് പറയുന്നു. മയിലിനെ കറിവെക്കാന്‍ ഫിറോസ് ദുബൈയില്‍ പോയതുമുതല്‍ വിവാദമായിരുന്നു. സോഷ്യല്‍മീഡിയയിലായിരുന്നു ചര്‍ച്ച ഏറെ. ദേശീയപക്ഷിയായ മയിലിനെ കറിവെക്കുന്നതിനെതിരെ ഒരുവിഭാഗം രംഗത്തെത്തി. ദുബൈയിലെത്തിയ ഫിറോസ് വലിയ തുക നല്‍കി മയിലിനെ വാങ്ങുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് കുറ്റകരമാണ്.

ഏറെ കാഴ്ചക്കാരും ആരാധകരമുള്ള ഫുഡ് വ്‌ലോഗറാണ് ഫിറോസ് ചുട്ടിപ്പാറ. ഭക്ഷണത്തിലെ വൈവിധ്യമാണ് പ്രത്യേകത. അങ്ങനെയാണ് മയില്‍ കറിയില്‍ എത്തിയത്. ഇന്ത്യയില്‍ നിയമവിധേയമല്ലാത്തിനാലാണ് അദ്ദേഹം മയില്‍കറി വെക്കാനായി ദുബൈയിലേക്ക് പോയത്. എന്നാല്‍, മയിലിനെ കറി വെച്ചാല്‍ നാട്ടില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് വരെ ഭീഷണിയുയര്‍ന്നു.