മാധ്യമപ്രവര്‍ത്തനം കേവലമൊരു തൊഴിലല്ലെന്ന ബോധ്യമാണ് ബിആര്‍പി എന്ന ഓര്‍മ്മ ബാക്കിവയ്ക്കുന്നത്.
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായിരുന്ന ബിആര്‍പി ഭാസ്കര്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. എഴുത്തുകൊണ്ട് ഏഴു പതിറ്റാണ്ടോളം ഇന്ത്യന്‍ സാമൂഹ്യ യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീഴ്ത്തിയ തൂലികയായിരുന്നു അദ്ദേഹത്തിന്‍റേത്. മാധ്യമപ്രവര്‍ത്തനം കേവലമൊരു തൊഴിലല്ലെന്ന ബോധ്യമാണ് ബിആര്‍പി എന്ന ഓര്‍മ്മ ബാക്കിവയ്ക്കുന്നത്.
എണ്ണമറ്റ വാര്‍ത്തകള്‍ക്ക് പിന്നാലെ മാത്രമല്ല, ഒരു വാര്‍ത്തയ്ക്കും വേണ്ടാത്ത ജീവിതങ്ങളിലേക്കും ബിആര്‍പി ഭാസ്കര്‍ നടന്നുപോയിരുന്നു. അധികാരകേന്ദ്രങ്ങള്‍ക്കും രാഷ്ട്രീയ ആജ്ഞാ ശക്തികള്‍ക്കും വഴങ്ങാതെ, പാര്‍ശ്വവല്‍കൃതരുടെ വേദനകള്‍ക്ക് അച്ചടിമഷി പുരട്ടിയിട്ട മാധ്യമപ്രവര്‍ത്തകന്‍. 1952 ല്‍ തുടങ്ങിയ പത്രപ്രവര്‍ത്തനം, മരണംവരെ തുടര്‍ന്നു, പലകാലങ്ങളില്‍ പലരൂപങ്ങളില്‍. തുടക്കകാലത്ത് ഇംഗ്ലീഷ് പത്രങ്ങളിലെ ബൈലൈന്‍ പിറന്നത് ഏറെയും ഇന്ത്യയിലെ വന്‍നഗരങ്ങളില്‍. ദ ഹിന്ദു, ദി സ്റ്റേറ്റ്മാൻ, ഡെക്കാൺ ഹെറാൾഡ് , പേട്രിയറ്റ്, തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലിചെയ്തു. വാര്‍ത്താ ഏജന്‍സിയായ യുഎൻഐയിലായിരുന്നു ദീര്‍ഘകാലം. പിന്നീട് കോളമിസ്റ്റായി മലയാളത്തിലേക്കും മടങ്ങിയെത്തി. സ്വയംപുതുക്കലിന്‍റെ തൊഴില്‍കാലമായിരുന്നു പിന്നെ കണ്ടത്.
ടെലിവിഷന്‍ മാധ്യമത്തിന് ദൃശ്യഭാഷ പരുവപ്പെടുത്തിയ ഗുരുനാഥനായും അവിടെ നിന്ന് നവമാധ്യമങ്ങളിലെ എഴുത്തിലേക്കും നീണ്ടു. പത്രപ്രവര്‍ത്തകരുടെ അവകാശപോരാട്ടങ്ങള്‍ക്ക് കൂടി നേതൃത്വം നല്‍കിയതിന്‍റെ പേരില്‍ മാനേജ്മെന്‍റിന്‍റെ നടപടികള്‍ നേരിട്ട അദ്ദേഹം പത്രങ്ങളുടെ എട്ടുകോളത്തിന് പുറത്തേക്കും ഇടപെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായി അനീതികള്‍ക്കെതിരെ പോരാടുന്ന ബിആര്‍പിയെയാണ് കേരളം പിന്നീട് കണ്ടത്. 1994 -ൽ ഏഷ്യാനെറ്റ് ചാനൽ ആരംഭിച്ചപ്പോൾ വാർത്താവിഭാഗം ഉപദേഷ്ടാവായി ബിആര്‍പി എത്തി. സക്കറിയക്കൊപ്പം അവതരിപ്പിച്ച 'പത്രവിശേഷം' എന്ന മാധ്യമവിമർശന പംക്തി, മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ബിആർപിയെ സുപരിചിതനാക്കി. 1999 വരെ ഏഷ്യാനെറ്റിനൊപ്പം അദ്ദേഹം തുടര്‍ന്നു. പ്രായാധിക്യത്തെ തുടർന്ന് കാഴ്ച മങ്ങിത്തുടങ്ങിയപ്പോഴും അക്ഷരങ്ങളെ ഭൂതക്കണ്ണാടി വച്ച് വായിച്ചെടുത്തു ഈ മനുഷ്യന്‍. എത്തിക്കല്‍ ജേണലിസത്തിന്‍റെ അടയാളമായും സാമൂഹ്യപ്രതിബദ്ധതയുടെ ചുരുക്കെഴുത്തായും ബിആര്‍പി എന്ന മൂന്നക്ഷരത്തിന് മരണമില്ല.


