കൽബുർ​ഗി: രാജ്യത്തെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ച കർണാടകത്തിൽ ആരോഗ്യ വകുപ്പിന് മുന്നിലുള്ളത് വലിയ വെല്ലുവിളി. മരിച്ച 76 കാരൻ രോഗലക്ഷണങ്ങളുമായി പത്തു ദിവസത്തോളമാണ് കൽബുർഗിയിലും ഹൈദരാബാദിലുമായി കഴിഞ്ഞത്. ഇയാളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താൻ കര്‍ണാടകത്തിനൊപ്പം തെലങ്കാനയും ശ്രമം തുടങ്ങി.

76-കാരനായ മുഹമ്മദ്‌ ഹുസൈൻ സിദ്ദിഖി സൗദിയിൽ ഉംറ ചടങ്ങിനായി പോയത് ജനുവരി 29-ന്. ഹൈദരാബാദ് വഴി കൽബുർഗിയിൽ തിരിച്ചെത്തിയത് ഫെബ്രുവരി 29-ന്. നേരത്തെ തന്നെ ആസ്ത്മ രോഗി ആയിരുന്നു. രക്തസമ്മർദ്ദവും കൂടുതലാണ്. വീട്ടിൽ എത്തിയപ്പോൾ തന്നെ ചുമ തുടങ്ങി. പനിയും വന്നതോടെ മാർച്ച്‌ ആറിന് കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഇദേഹത്തിന്റെ വീട്ടിലെത്തി പരിശോധിച്ചു. എന്നാൽ അസുഖം മാറിയില്ല. 

ചുമയും ശ്വാസതടസ്സവും പനിയും കൂടുതലായതോടെ മാർച്ച്‌ 9-ന് കൽബുർഗിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ന്യൂമോണിയക്കൊപ്പം കൊവിഡ് രോഗം ഉണ്ടെന്ന് സംശയിച്ചു ഡോക്ടർമാർ സാമ്പിളുകൾ പരിശോധിച്ചെന്നും ആരോഗ്യവകുപ്പ് പറയുന്നു. കൽബുർഗിയിലെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. കൂടുതൽ പരിശോധനക്കായി സാമ്പിൾ ബെംഗളൂരുവിലേക്കും അയച്ചു. ഐസൊലേഷൻ വാർഡും സജ്ജമാക്കി. എന്നാൽ ഡോക്ടർമാരുടെ നിർദേശം മറികടന്ന് കുടുംബാംഗങ്ങൾ സിദ്ദിഖിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് തിരിച്ചു നാട്ടിലേക്ക് കൊണ്ടുവരുന്ന വഴിയാണ് മരണം. 

മരണാനന്തര ചടങ്ങുകൾ ആരോഗ്യ വകുപ്പിന്‍റെ മേൽനോട്ടത്തിൽ ആണ് നടന്നത്. ഫലം വന്നതോടെ ഇയാളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയും കണ്ടെത്താൻ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾ, ഡോക്ടർമാർ, മറ്റ് ആശുപത്രി ജീവനക്കാർ തുടങ്ങിയവർ നിരീക്ഷണത്തിൽ ആണ്. പ്രദേശത്തെ സമുദായ നേതാവ് കൂടിയാണ് ഇദ്ദേഹം. കൂടുതൽ പേർ വീട്ടിൽ കാണാൻ എത്തിയെന്നും സംശയിക്കുന്നു. 9 ദിവസത്തോളം ലക്ഷണങ്ങളുമായി കഴിഞ്ഞതിനാൽ സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെ കണ്ടെത്തുക ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാകും. മതിയായ മുൻകരുതൽ ഇല്ലാതെ ആശുപതികളിൽ ചികിത്സ നടത്തിയതും തിരിച്ചടിയാണ്.