കൊച്ചി: ദിവസങ്ങളായി ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നിരുന്ന ഇരുപത്തിയൊന്ന് മലയാളികൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. ഇന്ന് രാവിലെ ഏഴരയോടെയാണ് ദുബായ് വഴി ഇവർ കൊച്ചിയിലെത്തിയത്. ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സംഘം ഇറ്റലിയിൽ എത്തി വൈദ്യപരിശോധന നടത്തിയതിന് ശേഷമാണ് ഇവർക്ക് യാത്രാനുമതി നൽകിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ബാധയില്ലെങ്കിലും വിശദ പരിശോധനക്കായി ഇവരെ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

കണ്ണൂരിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചയാളോടൊപ്പം ദുബായിലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന ഏഴുപേരെയും  നാട്ടിലെത്തിച്ചു. അർധരാത്രിയോടെ കരിപ്പൂരിലെത്തിയ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. കൊവിഡ് രോഗം സ്ഥിരീകരിച്ചയാൾക്കൊപ്പം താമസിച്ചിരുന്ന മറ്റ് അഞ്ചുപേർ നേരത്തെ കണ്ണൂരിലേക്ക് മടങ്ങിയെത്തിയരുന്നു. 

കൊവിഡ് രോഗി നേരിട്ട് ഇടപഴകിയ 15 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. ഇവർ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പർക്കപ്പട്ടിക ഉണ്ടാക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്ന് മന്ത്രി ഇപി ജയരാജന്‍റെ അധ്യക്ഷതയിൽ കണ്ണൂരിൽ യോഗം ചേർന്ന് തുടർ നടപടികൾ ചർച്ച ചെയ്യും. കണ്ണൂരിൽ ഇതുവരെ 30 പേർ ആശുപത്രികളിലും 200പേർ വീടുകളിലും നിരീക്ഷണത്തിലാണ്. പരിയാരത്ത് രണ്ട് ഐസോലേഷൻ വാർഡുകൾ കൂടി തുറന്നിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക