ദേശീയപാതയില്‍ മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം പത്ത് ഏക്കര്‍ സര്‍ക്കാര‍് സ്ഥലത്താണ് റെസ്റ്റ് സ്റ്റോപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

കാസര്‍കോട്: മഞ്ചേശ്വരത്ത് വാഹനയാത്രക്കാര്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമ കേന്ദ്രം വരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള വഴിയോര വിശ്രമ കേന്ദ്രമാണിത്. സംസ്ഥാനത്തെ ആദ്യത്തെ റസ്റ്റ് സ്റ്റോപ്പ് പദ്ധതിയാണ് മഞ്ചേശ്വരത്ത് നിര്‍മ്മാണം ആരംഭിക്കാന്‍ പോകുന്നത്.

ദേശീയപാതയില്‍ മഞ്ചേശ്വരം ഹൊസങ്കടിക്ക് സമീപം പത്ത് ഏക്കര്‍ സര്‍ക്കാര‍് സ്ഥലത്താണ് റെസ്റ്റ് സ്റ്റോപ്പ് പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാര്‍ക്ക് വിശ്രമിക്കാനും വാഹങ്ങള് അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യങ്ങളുണ്ടാകും. ഒരേ സമയം 200 കാറുകള്‍ പാര‍്ക്ക് ചെയ്യാം. ആധുനിക ശുചിമുറികള്‍, ക്ലിനിക്ക്, ഫുഡ്കോര്‍ട്ടുകള്‍, റീട്ടെയ്ല്‍ സ്റ്റോര്‍, കുട്ടികള്‍ക്കുള്ള പ്ലേ സ്റ്റേഷന്‍, പെട്രോള്‍ പമ്പ് എന്നിവയും റെസ്റ്റ് സ്റ്റോപ്പിന്‍റെ ഭാഗം. അന്താരാഷ്ട്ര നിലവാരത്തിലുള്ള റെസ്റ്റ് സ്റ്റോപ്പില്‍ കേരളത്തില്‍ ആദ്യത്തേതാണ് ഹൊസങ്കടിയിൽ നിര്‍മ്മിക്കുന്നത്. 

സര്‍ക്കാറിന്‍റെ ഓവര്‍സീസ് കേരളൈറ്റ്സ് ഇന്‍വസ്റ്റ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ്ങ് കമ്പനിക്കാണ് നിര്‍മ്മാണ പരിപാലന ചുമതല. തലപ്പാടിക്ക് ശേഷം കേരളത്തില്‍ മറ്റ് 29 ഇടങ്ങളില്‍ കൂടി റെസ്റ്റ് സ്റ്റോപ്പുകള്‍ ആരംഭിക്കും.