തിരുവനന്തപുരം: ജനകീയപ്രശ്നങ്ങളിൽ കൈകോർത്തും രാഷ്ട്രീയപ്പോരിൽ ഏറ്റുമുട്ടിയും നീങ്ങിയ ഭരണ-പ്രതിപക്ഷത്തെയാണ് പതിനഞ്ചാം സഭാ സമ്മേളനത്തിൽ കണ്ടത്. എണ്ണത്തിൽ കുറവെങ്കിലും തുടർഭരണത്തിൻറെ ആത്മവിശ്വാസത്തോടെയെത്തിയ ഭരണപക്ഷത്തിന് ഒട്ടും പിന്നിലായില്ല വിഡി സതീശൻറ നേതൃത്വത്തിലെ പ്രതിപക്ഷം. സഭാ സമ്മേളനത്തിൽ മിക്ക ദിവസങ്ങളിലും സജീവചർ‍ച്ചയായത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടുകളാണ്.

ചരിത്രവിജയത്തിൽ ഭരണത്തുടർച്ചയുമായി ക്യാപ്റ്റൻ, തലമുറമാറ്റവുമായി പുതിയ പ്രതിപക്ഷനേതാവ്, പ്രതീക്ഷിച്ചപോലെ ഇഞ്ചോടിഞ്ച് ഇടിച്ചുനിന്നു പിണറായിയും സതീശനും. ട്രഷറി ബെഞ്ചിനെ നയിച്ച പിണറായി കൂടുതൽ കരുത്തനായി തന്നെ പ്രതിപക്ഷ വിമ‍ർശനങ്ങളെ നേരിട്ട് നയം വ്യക്തമാക്കി മുന്നേറി. എന്തിനെയും എതിർക്കാതെയും രാഷ്ട്രീയപ്പോരിൽ വിട്ടുവീഴ്ചയില്ലാതെയും ജനകീയപ്രശ്നങ്ങളിൽ സർക്കാറിനൊപ്പം നിന്നുമുള്ള വിഡിഎസ് ശൈലി നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ പ്രതിപക്ഷനിരക്ക് ആത്മവിശ്വാസമേകി.

സത്യപ്രതിജ്ഞ ചെയ്ത് പതിനഞ്ചാം ദിവസം ബജറ്റ് അവതരിപ്പിച്ച് കെ എൻ ബാലഗോപാൽ കയ്യടി നേടി. കന്നിവരവിൽ സ്പീക്കറായി സമയനിഷ്ഠപാലിച്ചുള്ള എം ബി രാജേഷിൻറെ സഭാ നിയന്ത്രണത്തിൽ പ്രതിപക്ഷത്തിന് പോലുമില്ല പരാതി.

ഡിജിറ്റൽ വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങൾ, ഇടിയുന്ന തീരദേശവും ഉരുൾപൊട്ടൽ ഇരകളുടെ ദുരിതജീവിതം. തുടങ്ങി ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലയിലെ അനിശ്ചിതത്വം വരെ സഭയിലെ സജീവചർച്ചക്കും പ്രശ്നപരിഹാരത്തിനും കാരണമായി ഏഷ്യാനെറ്റ് ന്യൂസ് പരമ്പരകൾ.
കൊവിഡ് കാലത്ത് വെട്ടിച്ചുരുക്കിയ ആദ്യസമ്മേളനത്തിനാണ്  തിരശ്ശീല വീണത്. ഇനി ജൂലൈൽ വീണ്ടും സഭ സമ്മേളിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona