Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്തേക്ക് ആദ്യ കപ്പല്‍; കാണാന്‍ അവസരം, പാസ് വേണ്ട, ചെയ്യേണ്ടത് ഇക്കാര്യം മാത്രം

പ്രവേശനത്തിന് പ്രത്യേക പാസ്സുകളില്ല. മുഴുവന്‍ ജനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും.

First ship in Vizhinjam port event entry for public joy
Author
First Published Oct 14, 2023, 7:34 PM IST

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്ന ചടങ്ങിലേക്ക് പൊതുജനങ്ങള്‍ക്കും പ്രവേശനം.  എല്ലാവര്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. പ്രവേശനത്തിന് പ്രത്യേക പാസുകള്‍ ആവശ്യമില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പങ്കെടുക്കുന്നവര്‍ മൂന്നു മണിക്ക് മുന്‍പായി തുറമുഖത്ത് എത്തിച്ചേരണം. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത് സുരക്ഷ പരിശോധനകള്‍ക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. 

മന്ത്രിയുടെ കുറിപ്പ്: പ്രിയപ്പെട്ടവരുടെ ശ്രദ്ധയിലേക്ക്, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പല്‍ എത്തുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ (15.10.2023) വൈകിട്ട് 4 മണിക്ക് ആരംഭിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ വൈകിട്ട് 3 മണിക്ക് മുമ്പായി തുറമുഖത്ത് എത്തിച്ചേരേണ്ടതാണ്. തുറമുഖത്തിന്റെ പ്രധാന കവാടത്തോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്ത് സുരക്ഷ പരിശോധനകള്‍ക്ക് ശേഷം തുറമുഖത്തിനകത്തേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്ന് പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സദസ്സിലേക്ക് എത്തിക്കും. പ്രവേശനത്തിന് പ്രത്യേക പാസ്സുകളില്ല. മുഴുവന്‍ ബഹുജനങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയും. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാഡില്‍ നിന്നും ഉച്ചക്ക് 2 മണി മുതല്‍ വിഴിഞ്ഞത്തേക്കും, 6 മണി മുതല്‍ തിരിച്ചും സൗജന്യ ബസ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമീകരണങ്ങള്‍ പാലിച്ചും സുരക്ഷാ ഉദ്യോഗസ്ഥരോട് സഹകരിച്ചും ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കുക.


യാത്രാസംവിധാനങ്ങളൊരുക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ആദ്യ കപ്പല്‍ എത്തുന്നത് കാണാനെത്തുന്നവര്‍ക്ക് വേണ്ടി യാത്രാസംവിധാനങ്ങളൊരുക്കി കെഎസ്ആര്‍ടിസി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് എത്തുവാനും തിരികെ വരുവാനും തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മൂന്ന് മണിവരെ തമ്പാനൂരില്‍ നിന്ന് വിഴിഞ്ഞത്തേക്കും മൂന്നു മുതല്‍ ഏഴു മണി വരെ തമ്പാനൂരിലേക്കും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നടത്തും.  തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്കും വിഴിഞ്ഞത്തേക്ക് എത്തുന്നതിന്  യാത്ര സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

വിഴിഞ്ഞം തുറമുഖത്ത് ആദ്യത്തെ കപ്പല്‍ നാളെ വൈകുന്നേരം നാലു മണിക്കാണ് എത്തിച്ചേരുന്നത്. ഷെന്‍ ഹുവ -15 എന്ന ചരക്കുകപ്പല്‍ വിഴിഞ്ഞത്ത് നങ്കൂരമിടുന്നതോടെ നാടിന്റെ ദീര്‍ഘകാലത്തെ സ്വപ്നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പ്രതിസന്ധികള്‍ മറികടന്ന് സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞു എന്നതില്‍ നാടിനാകെ അഭിമാനിക്കാം. ഈ നേട്ടത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് മുന്നോട്ടു പോകാനും കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് കേരളത്തെ നയിക്കാനും ഒരുമിച്ചു നില്‍ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

'സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താന്‍ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും. രാജ്യത്തെ ആദ്യ കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് പോര്‍ട്ട്, അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന പോര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വിഴിഞ്ഞം തുറമുഖത്തിനുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണല്‍ ശേഷിയില്‍ സിംഗപ്പൂര്‍ തുറമുഖത്തേക്കാള്‍ വലുതാണ് വിഴിഞ്ഞം തുറമുഖം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്.'-മുഖ്യമന്ത്രി പറഞ്ഞു.

മലയാളി വക്കീൽ ഷീജ ഗിരീഷ് നായർ സുരക്ഷിത; ബന്ധുക്കൾക്ക് വിവരം ലഭിച്ചു 
 

Follow Us:
Download App:
  • android
  • ios