കോഴിമുട്ടകൾ വിഴുങ്ങുകയും അടയിരുന്ന കോഴിയെ കൊല്ലുകയും ചെയ്ത പാമ്പിനെ സർപ്പ വളണ്ടിയർ മുഹമ്മദാലിയാണ് പിടികൂടിയത്.
പാലക്കാട്: കിഴക്കഞ്ചേരി തച്ചക്കോടിൽ കോഴിക്കൂട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. തച്ചക്കോട് സ്വദേശി സജീവിന്‍റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പാമ്പിനെ കണ്ടത്. വീട്ടിലെ കുട്ടികൾ കോഴിക്കൂടിനകത്ത് മുട്ടയെടുക്കാൻ പോയപ്പോഴാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് കുട്ടികൾ പാമ്പിനെ കണ്ടത്. തുടർന്ന് വീട്ടുകാർ പഞ്ചായത്ത് അംഗം സജിത ശിവദാസിനെ അറിയിക്കുകയായിരുന്നു . ഇവർ അറിയിച്ചതനുസരിച്ച് വനം വകുപ്പ് സ്ഥലത്തെത്തി.
സർപ്പ വളണ്ടിയർ മുഹമ്മദാലിയാണ് പാമ്പിനെ പിടികൂടിയത്. ഏകദേശം 10 വയസ്സോളം പ്രായം തോന്നിക്കുന്ന ആൺ വർഗ്ഗത്തിലുള്ള മൂർഖൻ പാമ്പാണെന്ന് അധികൃതർ പറഞ്ഞു. കൂടിനകത്ത് അടവിരിയിക്കാനായി വച്ച കോഴി മുട്ടകൾ പാമ്പ് ഭക്ഷിച്ചു. അടയിരിക്കുകയായിരുന്ന കോഴിയെയും കൊത്തിക്കൊന്നു. പിടികൂടിയ പാമ്പനെ പിന്നീട് ഉൾവനത്തിലേക്ക് വിട്ടയക്കുമെന്ന് വനം വകുപ്പ് പറഞ്ഞു.
