കേരളത്തിലെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും സ്ത്രീകൾക്കായി പ്രത്യേക ക്ലിനിക്കുകൾ ആരംഭിക്കുന്നു. സെപ്റ്റംബർ 16 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഈ ക്ലിനിക്കുകൾ എല്ലാ ചൊവ്വാഴ്ചയും പ്രവർത്തിക്കും.

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും 5415 സ്ത്രീ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിക്കുന്നു. ഈ ക്ലിനിക്കുകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 16ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം പള്ളിത്തുറ ജനകീയ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ പള്ളിത്തുറ ജനകീയാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക സെഷ്യാലിറ്റി ക്യാമ്പ് സംഘടിപ്പിക്കുന്നു.

സമൂഹത്തില്‍ രോഗാതുരത കുറയ്ക്കുന്നതിനും എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പുവരുത്തുന്നതിനുമുള്ള അതിശക്തമായ ഇടപെടലുകളാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നടത്തുന്നതെന്ന് വീണാ ജോർജ് പറഞ്ഞു. ഓരോ 5000 ജനസംഖ്യയേയും കേന്ദ്രീകരിച്ചാണ് ഗ്രാമ-നഗര തലങ്ങളില്‍ ജനകീയ അരോഗ്യകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വീട്ടിന് തൊട്ടടുത്ത ആശുപത്രികളായി മാറിയിരിക്കുകയാണ്. പൊതുജനാരോഗ്യത്തിന്റെ നെടുംതൂണുകളായി മാറിയിരിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ക്ലിനിക്കുകള്‍, അയല്‍ക്കൂട്ട സ്‌ക്രീനിംഗ് ക്യാമ്പുകള്‍, വിദഗ്ധ സ്‌പെഷ്യലിസ്റ്റ് സേവനങ്ങള്‍ എന്നിവ ഒരുക്കുന്നതിനായാണ് സ്ത്രീ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്.

എല്ലാ ചൊവ്വാഴ്ചകളിലും സ്ത്രീകളുടെ ക്ലിനിക്ക് പ്രവര്‍ത്തിക്കും. വിളര്‍ച്ച, പ്രമേഹം, രക്താതിമര്‍ദം, കാന്‍സര്‍ സ്‌ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്താനും ഈ ക്ലിനിക്കുകളിലൂടെ സാധിക്കുന്നു. അയല്‍ക്കൂട്ടങ്ങള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ക്കായി പ്രത്യേക പരിശോധനകളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വിദഗ്ധ പരിശോധനകളും ബോധവത്കരണവും ഈ ക്യാമ്പയിന്റെ ഭാഗമായി നടക്കും. പരമാവധി സ്ത്രീകള്‍ വെല്‍നസ് ക്ലിനിക്കുകളില്‍ വന്ന് ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.