കൊച്ചി: തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്ളാറ്റുകളില്‍ രണ്ടെണ്ണവും വിജയകരമായി പൊളിച്ചു നീക്കി. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷം സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ദ്ധരുടേയും സഹായത്തോടെയാണ് മരടിലെ രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൂര്‍ത്തിയാക്കിയത്. 

മുന്‍നിശ്ചയിച്ച പോലെ രാവിലെ 10.30-നാണ് ഫ്ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള ആദ്യസൈറണ്‍ മുഴങ്ങിയത്. ഇതിന് മുന്‍പായി ഇരുഫ്ളാറ്റുകള്‍ക്കും ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പേരേയും ഒഴിപ്പിച്ചിരുന്നു. പ്രദേശത്തുള്ള  എല്ലാ ചെറുറോ‍ഡുകളും ഇതേസമയം പൊലീസ് ബ്ലോക്ക് ചെയ്തു. ആയിരക്കണക്കിനാളുകള്‍ ഫ്ളാറ്റുകള്‍ തകരുന്നത് കാണാനെത്തിയിരുന്നു. ഇവരെയെല്ലാം പൊലീസ് കയറ് കെട്ടി നിശ്ചിത ദൂരത്ത് അകറ്റി നിര്‍ത്തി.

പതിനൊന്ന് മണിക്ക് മൂന്നാം സൈറണ്‍ മുഴങ്ങിയാല്‍ ഉടന്‍ ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് തകര്‍ക്കുകയും അ‍ടുത്ത അ‍ഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ആല്‍ഫ സരിന്‍ ഫ്ളാറ്റ് പൊളിക്കാനുമായിരുന്നു നേരത്തെയുള്ള പദ്ധതി. എന്നാല്‍ 10.45-ഓടെ ആകാശനിരീക്ഷണത്തിനായി മരടിലേക്ക് എത്തിയ  ഇന്ത്യന്‍ നേവിയുടെ ഹെലികോപ്ടര്‍ തിരിച്ചു പോകാന്‍ വൈകിയതിനാല്‍ സ്ഫോടനവും വൈകി. പതിനൊന്നേ പത്തോടെ ഹെലികോപ്ടര്‍ മടങ്ങുകയും രണ്ടാം സൈറണ്‍ മുഴങ്ങുകയും ചെയ്തു. ഇതോടെ തേവര- കുണ്ടന്നൂര്‍ പാലം പൊലീസ് ബ്ലോക്ക് ചെയ്തു. അന്തിമനിരീക്ഷണത്തിന് ശേഷം എല്ലാ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചതിന് പിന്നാലെ മൂന്നാം സൈറണ്‍ മുഴക്കാന്‍ മരട് നഗരസഭയില്‍ ഒരുക്കിയ പ്രത്യേക കണ്‍ട്രോള്‍ റൂമില്‍ നിന്നും നിര്‍ദേശം. 

11.18-ഓടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങുകയും 11.19-ഓടെ എച്ച്.ടു.ഒ ഫ്ളാറ്റില്‍ ചെറുസ്ഫോടനങ്ങളുടെ നീണ്ടനിര തന്നെ ഉണ്ടാവുകയും ചെയ്തു. സെക്കന്‍ഡുകള്‍ കൊണ്ട് കെട്ടിട്ടം ഒന്നാകെ നിലം പതിക്കുകയും പിന്നാലെ പ്രദേശമാകെ പൊടിയില്‍ മൂടുകയും ചെയ്തു. പ്രതീക്ഷിച്ച രീതിയില്‍ തന്നെ കെട്ടിട്ടം നിലത്തു പതിപ്പിക്കാന്‍ സാധിച്ചെങ്കിലും കനത്ത  പൊടിപടലമുണ്ടായത് ഒരു നിമിഷം കാഴ്ചക്കാരെ അമ്പരപ്പിച്ചു. വെള്ളം തളിച്ച് പൊടി നിയന്ത്രിക്കാന്‍ ഫയര്‍ഫോഴ്സ് സജ്ജരായിരുന്നുവെങ്കിലും അഞ്ച് മിനിറ്റിനകം പൊടിയടങ്ങി പിന്നാലെ ആല്‍ഫ സരിനില്‍ പൊട്ടിത്തെറിക്ക് മുന്നോടിയായുള്ള സൈറണ്‍ മുഴങ്ങി. 

ആല്‍ഫ സരിനിലെ ഇരട്ട ഫ്ളാറ്റുകളില്‍ ചെറിയ ഫ്ളാറ്റാണ് ആദ്യം സ്ഫോടനത്തില്‍ തകര്‍ത്തത് 11.44-നായിരുന്നു ആദ്യസ്ഫോടനം. സെക്കന്‍ഡുകളുടെ ഇടവേളയില്‍ രണ്ടാമത്തെ ഫ്ളാറ്റും തകര്‍ത്തു. എച്ച്ടുഒ ഫ്ളാറ്റ് തകര്‍ത്തപ്പോള്‍ അധികം കെട്ടിടാവശിഷ്ടങ്ങളൊന്നും പരിസരത്തേക്ക് തെറിച്ചു പോയില്ല. എന്നാല്‍ ജനസാന്ദ്രതയേറിയ ആല്‍ഫ സരിനില്‍ സ്ഫോടനം നടത്തിയപ്പോള്‍ അതിന്‍റെ അവശിഷ്ടങ്ങള്‍ പലതും കായലില്‍ പതിച്ചതായി സംശയിക്കുന്നുണ്ട്. ശക്തമായ ഓളങ്ങളാണ് സ്ഫോടനത്തിന് പിന്നാലെ ഈ ഭാഗത്ത് കായലില്‍ ഉണ്ടായത്.

കെട്ടിട്ടം തകര്‍ക്കുമ്പോള്‍ 10 മുതല്‍ 20 ശതമാനം കെട്ടിട്ട അവശിഷ്ടങ്ങള്‍ കായലിലേക്ക് വീണേക്കാം എന്ന് കെട്ടിട്ടം പൊളിക്കാനുള്ള കരാര്‍ എടുത്ത വിജയ് സ്റ്റീല്‍സ്റ്റിന്‍റെ വക്താക്കള്‍ അറിയിച്ചിരുന്നു. ആല്‍ഫ സരിന് ചുറ്റും നൂറുകണക്കിന് വീടുകളും മറ്റു കെട്ടിട്ടങ്ങളും ഉള്ളതിനാല്‍ ഇവിടെ എത്രത്തോളം നാശനഷ്ഠങ്ങളുണ്ടായി എന്നത് വിദഗ്ദ്ധ പരിശോധന നടത്തിയാല്‍ മാത്രമേ വ്യക്തമാകൂ.  രണ്ട് ഫ്ളാറ്റുകളും വിജയകരമായി പൊളിച്ച സാഹചര്യത്തില്‍ തേവര-കുണ്ടന്നൂര്‍ പാതയും പ്രദേശത്തെ മറ്റു റോഡുകളും ഗതാഗതത്തിന് തുറന്നു കൊടുത്തു. പ്രദേശത്ത്  പൊലീസും ഫയര്‍ ഫോഴ്സും നടത്തുന്ന പരിശോധനയ്ക്ക് ശേഷം മാത്രമേ പൊതുജനങ്ങളെ ഇനി ഈ മേഖലയിലേക്ക് പ്രവേശിപ്പിക്കൂ. കായലില്‍ കെട്ടിട്ടാവശിഷ്ടങ്ങള്‍ പതിച്ചെങ്കില്‍ എന്തു വേണം എന്ന കാര്യത്തിലും ഇനി തീരുമാനം വരേണ്ടതുണ്ട്.